സൗദി അറേബ്യ: പ്രവാസി തൊഴിലാളികൾക്ക് യോഗ്യതാ പരീക്ഷ

മതിയായ യോഗ്യതയും തൊഴിൽ നൈപുണ്യവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതയില്ലാത്തവരെ ഒഴിവാക്കാനും ലക്ഷ്യമിട്ടുകൊണ്ട് വിദഗ്ധ തൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് പ്രോഗ്രാമിന് തുടക്കമായി. സാങ്കേതിക വിദ്യാഭ്യാസ – തൊഴിൽ പരിശീലന കോർപറേഷൻ, വിദേശ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരീക്ഷ നടത്തുന്നത്.

തൊഴിൽ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പരീക്ഷാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അതത് മേഖലകളിലെ പ്രാവിണ്യം പരിശോധിക്കുന്ന തിയറി, പ്രാക്ടിക്കൽ പരീക്ഷകളുണ്ടാകും. രാജ്യത്തേക്ക് വരുന്നത് ഏത് ജോലിക്കായാണോ അതിനാവശ്യമായ അടിസ്ഥാന നൈപുണ്യം ഉണ്ടെന്ന് ഉറപ്പു വരുത്തുകയെന്നതാണ് ലക്ഷ്യം. രണ്ട് തലങ്ങളിലായാണ് പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

പുതിയതായി രാജ്യത്തേക്ക് വരുന്ന പ്രൊഫഷണലുകൾക്ക് അന്താരാഷ്ട്ര പരീക്ഷാ ഏജൻസികൾ വഴി നാട്ടിൽ വെച്ച് തന്നെ പരീക്ഷ നടത്തി യോഗ്യത ഉറപ്പാക്കുന്നതാണ് ആദ്യ തലം. നിലവിൽ സൗദിയിൽ ജോലി ചെയ്യുന്നവർക്കായാണ് രണ്ടാമത്തെ തലത്തിലുള്ള പരീക്ഷാ സംവിധാനം. രാജ്യത്തുള്ള എല്ലാ പ്രൊഫഷണൽ തൊഴിലാളികളെയും പരീക്ഷയ്ക്ക് വിധേയമാക്കണമെന്ന് എല്ലാ സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകൃത പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ചായിരിക്കും ഇവർക്കുള്ള പരീക്ഷ നടത്തുക.

വിദേശത്ത് നിന്നെത്തുന്നവരുടെ വിസാ സ്റ്റാമ്പിങ് പരീക്ഷയുമായി ബന്ധിപ്പിക്കും. ഇത് നടപ്പാകുന്നതോടെ യോഗ്യതാ പരീക്ഷയിൽ ജയിക്കുന്നവർക്ക് മാത്രമേ രാജ്യത്ത് ജോലിക്കായി എത്താനാകൂ എന്ന സ്ഥിതിയുണ്ടാകും. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് വരുന്ന ജൂലൈ മുതൽ രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും പ്രൊഫഷണൽ പരീക്ഷ നിർബന്ധമാക്കും. പരീക്ഷ നടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് https://svp.qiwa.sa എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.