ദുബൈ അന്താരാഷ്ട്ര വിമാനത്താവളം ടെർമിനലിന് മുന്നിൽ സ്ഥാപിച്ച ബയോമെട്രിക്ക് യാത്രാ സംവിധാനം ഏറെ വിജയകരം. രേഖകൾ ഒന്നും തന്നെ സമർപ്പിക്കാതെ എയർപോർട്ടിലെ മുഴുവൻ നടപടികളും മുഖം കാണിച്ച് പൂർത്തീകരിക്കാൻ അനുവദിക്കുന്നതാണ് ഈ അത്യാധുനിക സാങ്കേതിക സംവിധാനം. 1,54,000 യാത്രക്കാരാണ് ഇതിനോടകം ഈ നൂതന സംവിധാനം പ്രയോജനപ്പെടുത്തിയത്.
പാസ്സ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഉപയോഗിക്കാതെ മുഖം യാത്രാ രേഖയായി കംപ്യൂട്ടറിൽ അടയാളപ്പെടുത്തുകയാണ് ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക്ക് യാത്രാ സംവിധാനത്തിലൂടെ ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിലാണ് ഇത്രയധികം പേർ ഈ സംവിധാനം പ്രയോജനപ്പെടുത്തിയതെന്ന് എമിഗ്രേഷൻ വിഭാഗം അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം സ്ഥാപിച്ചത്.
കഴിഞ്ഞ മാസം അവസാനം ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് ബയോമെട്രിക്ക് സംവിധാനത്തിലൂടെ പാസ്പോർട്ട് നിയന്ത്രണ നടപടിക്രമങ്ങൾ 5 മുതൽ 9 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും. ടെർമിനൽ മൂന്നിലെ എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപ്പാർച്ചർ, അറൈവൽ ഭാഗത്താണ് ഈ സംവിധാനം.