കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൗദി അറേബ്യയിൽ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വിവാഹ ഹോളുകളിലും ഹോട്ടലുകളിലും നടക്കുന്ന എല്ലാവിധ വിനോദ പരിപാടികൾക്കും ചടങ്ങുകൾക്കും ആഭ്യന്തര മന്ത്രാലയം താൽക്കാലിക വിലക്ക് ഏർപ്പെടുത്തി.
വിനോദ പരിപാടികൾക്ക് 10 ദിവസത്തേക്കും വിവാഹ പാർട്ടികൾ പോലുള്ള ചടങ്ങുകൾക്ക് ഒരു മാസത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹ ഹാളുകളിൽ നടക്കുന്ന പാർട്ടികൾക്ക് പുറമെ ഹോട്ടലുകളിലും മറ്റും നടക്കുന്ന കോർപ്പറേറ്റ് മീറ്റിങ്ങുകൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും ഒരു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
സിനിമ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, സ്പോർട്സ് സെന്ററുകൾ, റെസ്റ്റോറന്റുകളിലും വിനോദ കേന്ദ്രങ്ങളിലും പ്രവർത്തിക്കുന്ന ഗെയിം സെന്ററുകൾ എന്നിവ അടച്ചിടാൻ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അടുത്ത 10 ദിവസത്തേക്ക് 20 പേർ മാത്രമേ സാമൂഹിക ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളു. ഇന്ന് രാത്രി 10 മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.