ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇതിനായി ബജറ്റിൽ പറഞ്ഞ കാര്യങ്ങൾക്ക് പുറമേ കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യൂണിവേഴ്സിറ്റികളിലും കലാലയങ്ങളിലും വലിയതോതിൽ അടിസ്ഥാനസൗകര്യങ്ങളും ഫാക്കൽറ്റിയും വിപുലമാക്കും. സംസ്ഥാനത്ത് കോഴ്സുകൾ ലഭ്യമാകാത്തതിനാൽ പുറത്തുപോയി പഠിക്കേണ്ടിവരുന്ന അവസ്ഥ മാറ്റും. മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽ നിന്നും ഇവിടേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന രീതിയിലുള്ള വളർച്ചയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർവകലാശാലകളെയും പ്രധാന സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്നും ഇവിടങ്ങളിലെ പശ്ചാത്തല സൗകര്യം വലിയ തോതിൽ വർധിപ്പിക്കുമെന്നും വിദ്യാർത്ഥികൾക്ക് മുഴുവൻ സമയവും പഠനപ്രക്രിയ നടത്താൻ കഴിയും വിധം സർവകലാശാല ക്യാമ്പസുകളിലെ സൗകര്യം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹോസ്റ്റലുകളുടെ സ്ഥിതി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ തുടക്കത്തിൽ ഇവിടെ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്നവരെയും പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെയും തുടർന്ന് വിദേശങ്ങളിൽ നിന്നുള്ളവരെയും ഇവിടേക്ക് ആകർഷിക്കാനാവും. ഇതിനാവശ്യമായ രീതിയിൽ വിദ്യാലയങ്ങളുടെ ചുറ്റുപാടും സൗകര്യങ്ങളും മാറ്റുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാല ചട്ടങ്ങളിൽ ആവശ്യമായ പരിഷ്‌കാരം വരുത്തും. സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്ത ഫണ്ട് കൂടുതലായി സർവകലാശാലകൾക്കും കോളേജുകൾക്കും ലഭിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായ വിദഗ്ധർ ഉണ്ടാവുന്നത് നല്ലതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കൂടുതൽ ഫിനിഷിംഗ് സ്‌കൂളുകൾ സ്ഥാപിക്കുമെന്നും നിലവിലുള്ളവ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമൂഹത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾ വലിയ തോതിൽ തൊഴിൽ ആഗ്രഹിക്കുന്നുണ്ട്. പഠിച്ച വിഷയത്തിനനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാവണം. ഇതിനായി സർവകലാശാലകൾ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് അതിനനുസൃതമായ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.