ഇടുക്കി: മണ്ണില്‍ നൂറുമേനി വിളയിച്ച് ഇടുക്കി എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥര്‍. കുയിലിമല എ.ആര്‍ ക്യാമ്പ് കെട്ടിടത്തിന് പിന്നില്‍ കാടുകയറി കിടന്ന സ്ഥലം വെട്ടിത്തെളിച്ചാണ് ഉദ്യോഗസ്ഥര്‍ കൃഷി ഇറക്കിയത്.
പടവലം, കോളി ഫ്ളവര്‍, ചീര, പയര്‍, വെണ്ട, വഴുതനം, പച്ചമുളക്, തക്കാളി, കാബേജ് തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്തത്. കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ ആഹ്വാനപ്രകാരമാണ് എസ്.ഐമാരായ കെ.കെ സുധാകരന്‍, പി.എച്ച് ജമാലിന്റെയും നേതൃത്വത്തില്‍ കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷിക്കാരനായ പൈനാവ് സ്വദേശി രഘുവും ഇവരെ സഹായിക്കുന്നുണ്ട്. വാഴത്തോപ്പ് കൃഷിഭവന്റെ സഹായത്തോടെയാണ് കൃഷി ചെയ്യുന്നത്. കൃഷി അസിസ്റ്റന്റ് സി. എസ് ദയയും മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാര്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഈ തോട്ടത്തില്‍നിന്നുള്ള പച്ചക്കറിയാണ് ക്യാമ്പിലെ അറുന്നൂറോളം വരുന്ന പോലീസുകാര്‍ക്ക് ഭക്ഷണമൊരുക്കുന്ന മെസ്സില്‍ ഉപയോഗിക്കുന്നത്. കൃഷിയ്ക്ക് പുറമെ രണ്ടു കുളങ്ങളിലായി മത്സ്യകൃഷിയും ഇവിടെ പരിപാലിക്കുന്നുണ്ട്.