തിരുവനന്തപുരം : പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കേരളത്തിന്റെ ബദല്‍ സമീപനമാണ് നിയമസഭയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച 2021 -22 ലേക്കുള്ള ബജറ്റിന്റെ കാതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഭാവി കേരളത്തിന്റെ വികസന പരിപ്രേക്ഷ്യമാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്. 2019 ഓടെ സാര്‍വ്വദേശീയ -ദേശീയ തലത്തില്‍ വളര്‍ച്ചാ നിരക്കില്‍ ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെയും അത് ബാധിച്ചു. ആ പ്രതിസന്ധിയെ കോവിഡ് മഹാമാരിയുടെ വരവ് അതിസങ്കീര്‍ണമാക്കി. സാമൂഹിക-സാമ്പത്തിക മേഖലകളെ ശക്തിപ്പെടുത്തി അതിനെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന സര്‍ക്കാര്‍. അതിനുള്ള പ്രായോഗിക മാര്‍ഗമാണ് ഈ ബജറ്റിലൂടെയും കണ്ടെത്തുന്നത്. കേരളത്തെ വിജ്ഞാന സമൂഹമാക്കി മാതൃകാ രൂപത്തില്‍ ഉയര്‍ത്തുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. ഒരു വര്‍ഷം കൊണ്ട് എട്ടു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ തുറക്കുന്നതുമാണ് ബജറ്റിലെ നിര്‍ദേശങ്ങളെന്നും അദ്ദേഹം പറഞ്ഞു.