കോവിഡ് മാനദണ്ഡം; പ്രവാസലോകത്ത് കേരളസര്‍ക്കാരിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിച്ച് കേരള സര്‍ക്കാര്‍. ആര്‍.ടി.പി.സി. ടെസ്റ്റിന്റെ നെഗറ്റീവ് റിസള്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന സര്‍ക്യൂലര്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രം പ്രസിദ്ധീകരിച്ചത്. എന്നാല്‍ സംസ്ഥാനത്തെ നിലവിലുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരാണ് കേന്ദ്രത്തിന്റെ സര്‍ക്യൂലര്‍ എന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍.

ഈ സാഹചര്യത്തില്‍ കേരള സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പ്രവാസി മലയാളികള്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് വോട്ട് രേഖപെടുത്തുന്നതില്‍ നിന്നും പ്രവാസികളെ തടയുന്നതിനാണ് കേരളസര്‍ക്കാരിന്റെ ഈ തീരുമാനമെന്ന് യു.ഡി.എഫ്. പോഷക സംഘടനകള്‍ ആരോപിച്ചു. പ്രവാസികള്‍ക്ക് അനുകൂലമല്ലാത്ത കേരളസര്‍ക്കാരിന്റെ നിലപാടിനെ തിരുത്തുന്നതില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും യു.ഡി.എഫ്. അനുകൂല പ്രവാസി കൂട്ടായ്മകള്‍ വ്യക്തമാക്കി.