“ഡബ്ല്യുഎച്ച്ഒ അക്കാദമി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച്, ലോകാരോഗ്യ സംഘടയുടെ നിർദേശങ്ങളും വിവരങ്ങളും ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർക്ക് അവരുടെ വിരൽത്തുമ്പിൽ നേരിട്ട് ലഭ്യമാക്കും” – ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദനോം.
കോവിഡ് സമയത്ത് ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി WHO അക്കാദമി ആപ്ലിക്കേഷനും പൊതുജനങ്ങൾക്ക് ശരിയായ വിവരങ്ങൾ കൈമാറുന്നതിനായി WHO ഇൻഫോ ആപ്പും ലോകാരോഗ്യ സംഘടന പുറത്തിറക്കിയതായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്രോസ് അദനോം അറിയിച്ചു.
കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് ആരോഗ്യ പ്രവർത്തകർക്ക് സ്വയം ജീവൻ രക്ഷാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ആണ് ഡബ്ല്യുഎച്ച്ഒ അക്കാദമി അപ്ലിക്കേഷൻ കൈമാറുന്നത്. ലോകാരോഗ്യ സംഘടനയുടെ ആജീവനാന്ത പഠന കേന്ദ്രമായ ഡബ്ല്യുഎച്ച്ഒ അക്കാദമി രൂപകൽപ്പന ചെയ്ത ഈ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി 2 ദിവസം കൊണ്ട് തന്നെ പതിനായിരത്തിലധികം ആരോഗ്യപ്രവർത്തകർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.
കോവിഡ് രോഗികളെ പരിചരിക്കുന്നതിനും അതോടൊപ്പം സ്വയ രക്ഷ കൈവരിക്കുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത നൂതനമായ ഉപകരണങ്ങളും അവയുടെ ഉപയോഗവും വെർച്വൽ വർക്ക് ഷോപ്പുകളും നിർദേശങ്ങളും ഒക്കെ ഉൾപ്പെടുന്നതാണ് ഈ അപ്ലിക്കേഷൻ. 2020 മാർച്ചിൽ നടത്തിയ ഡബ്ല്യുഎച്ച്ഒ അക്കാദമി സർവേയിൽ ഇരുപതിനായിരത്തോളം ആഗോള ആരോഗ്യ പ്രവർത്തകർ പ്രകടിപ്പിച്ച ആവശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചിരിക്കുന്നത്.
പോതുജനങ്ങളിലേക്ക് കോവിഡ് സംബന്ധിച്ച കൃത്യവും സത്യവും ആയ വിവരങ്ങൾ കൈമാറുകയാണ് ഡബ്ല്യുഎച്ച്ഒ ഇൻഫോ അപ്ലിക്കേഷൻ ചെയ്യുന്നത്. കോവിഡിനെപ്പറ്റി ജനങ്ങൾ കേൾക്കുന്നതും അറിയുന്നതും എല്ലാം സത്യമല്ല, വ്യാജനെ മാറ്റി നിർത്തിയില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാകും. അതിനാൽ അറിയുന്ന വിവരങ്ങൾ കൃത്യമായിരിക്കണം എന്ന് ഉറപ്പാക്കണം. അതിനാണ് ഈ അപ്ലിക്കേഷൻ സഹായിക്കുന്നതെന്ന് അദനോം വ്യക്തമാക്കി.
ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ അപ്ലിക്കേഷനുകൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.