മദ്യഷാപ്പുകൾ തുറക്കില്ല, സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മറ്റ് നിയന്ത്രണങ്ങളും ഇളവുകളും അറിയാം

കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പൊതുവായ മാർഗനിർദേശങ്ങളുടെ ചട്ടക്കൂടിന് അകത്തുനിന്നുകൊണ്ടായിരിക്കും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള മാർഗ നിർദേശങ്ങൾ ഉടനെ പുറപ്പെടുവിക്കുമെന്നും അദ്ദേഹം  അറിയിച്ചു.

ഗ്രീൻസോണുകളിൽ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. കേന്ദ്രസർക്കാർ പൊതുവായി അനുവദിച്ച ഇളവുകൾ സംസ്ഥാനത്ത് ആകെ നടപ്പാക്കുകയാണെന്നും  ചില കാര്യങ്ങളിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അനുവദനീയമല്ലാത്ത കാര്യങ്ങൾ ഗ്രീൻസോണിൽ അടക്കം പാടില്ല.

നിയന്ത്രണങ്ങൾ

👉 പൊതുഗതാഗതം അനുവദിക്കില്ല.
👉 സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമേ രണ്ടുപേരിൽ കൂടുതൽ യാത്ര ചെയ്യാൻ പാടില്ല. കണ്ടെയ്ൻമെന്റ് സോണിൽ അതും പാടില്ലാത്തതാണ്.
👉 ടുവീലറുകളിൽ പിൻസീറ്റ് യാത്ര ഒഴിവാക്കണം
👉 സംസ്ഥാനത്ത് വളരെ അത്യാവശ്യകാര്യത്തിന് പോകുന്നവർക്ക് കണ്ടെയ്ൻമെന്റ് സോണിന് പുറത്ത് ഇളവ് അനുവദിക്കും.
👉 ആളുകൾ കൂടിച്ചേരുന്ന ഒരുപരിപാടിയും പാടില്ല.
👉 സിനിമാതിയേറ്റർ, ആരാധനാലയങ്ങൾ എന്നിവിടിങ്ങളിൽ ഉളള നിയന്ത്രണം തുടരും
👉 പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലും കൂടിച്ചേരൽ പാടില്ല
👉 മദ്യഷാപ്പുകൾ ഈഘട്ടത്തിൽ തുറന്നുപ്രവർത്തിക്കുന്നില്ല.
👉 മാളുകൾ, ബാർബർഷാപ്പുകൾ, ബ്യൂട്ടിപാർലറുകൾ ഇവ പ്രവർത്തിക്കാൻ പാടില്ല.എന്നാൽ ബാർബർമാർക്ക് വീടുകളിൽ പോയി സുരക്ഷാ മാനദണ്ഢങ്ങൾ പാലിച്ച് ജോലി ചെയ്യാം. വിവാഹം, മരണാനന്തര ചടങ്ങ് 20ൽ അധികം പാടില്ലെന്ന ഉത്തരവ് തുടരും.
👉 വിദ്യാഭ്യാസ സ്ഥാപനങ്ങൽ തുറക്കില്ല. പരീക്ഷാനടത്തിപ്പിന് നിബന്ധനകൾ പാലിച്ച് തുറക്കാവുന്നതാണ്.
👉 ഞായറാഴ്ച പൂർണ ഒഴിവുദിവസമായി കണക്കാക്കണം. കടകൾ ഓഫീസുകൾ ഒന്നും തുറക്കാൻ പാടില്ല. വാഹനങ്ങളും അന്ന് പുറത്തിക്കരുത്.
👉 അവശ്യ സർവീസുകൾ അല്ലാത്ത സർക്കാർ ഓഫീസ് നിലവിലെ രീതിയിൽ മെയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ അമ്പതുശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളിൽ ഹാജരാകേണ്ടതാണ്.

ഇളവുകൾ

കേന്ദ്രം അനുവദിച്ച ഇളവുകൾ മിക്കതും സംസ്ഥാനത്തും ബാധകമായിരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

👉 നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി, യൂബർ പോലുള്ള കാബ് സർവീസ് അനുവദിക്കും. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ പാടുള്ളൂ.
👉 സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള ഇടങ്ങളിൽ പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർജില്ലാ യാത്രക്ക് അനുമതി നൽകും. യാത്ര സ്വകാര്യ വാഹനത്തിലായിരിക്കണം.  ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാൻ പാടുള്ളൂ.
👉 ഗ്രീൻ സോണിൽ കടകമ്പോളങ്ങളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 7.30 വരെയായിരിക്കും. അകലം സംബന്ധിച്ച് നിബന്ധനകൾ പാലിക്കണം. ഇത് ആഴ്ചയിൽ ആറു ദിവസംഅനുവദിക്കും. ഓറഞ്ചു സോണിൽ നിലവിലുള്ള സ്ഥിതിതുടരണം.
👉 ഗ്രീൻ സോണിലെ സേവനമേഖലയിലെ സ്ഥാപനങ്ങൾ ആഴചയിൽ മൂന്നുദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവർത്തിക്കാം. ഓറഞ്ചുസോണുകളിൽ നിലവിലുള്ള സ്ഥിതി തന്നെ തുടരും.
👉 ഹോട്ട്സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പാഴ്സലുകൾ നൽകാനായി തുറന്നുപ്രവർത്തിക്കാം. എന്നാൽ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കില്ല.
👉 ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ, അഞ്ചിൽ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ഈ ഇളവുകൾ ഗ്രീൻ, ഓറഞ്ച് സോണുകൾക്ക് മാത്രമാണ് ബാധകം.
👉 ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകില്ല. പ്രത്യേക പെർമിറ്റ് വേണ്ടതില്ല.
👉 കൃഷി, വ്യവസായം എന്നിവയുടെ കാര്യത്തിൽ നേരത്തെ പറഞ്ഞ ഇളവുകൾ തുടരും.