ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടി കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കുമെന്നും സംസ്ഥാനത്ത് മദ്യ നിരോധനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കള്ള് ഉൽപ്പാദനം ആരംഭിച്ചിട്ടുണ്ടെന്നും തെങ്ങൊരുക്കാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആറ് ജില്ലകളിൽ മാത്രമാണ് കോവിഡ് ബാധിതർ നിലവിൽ ചികിത്സയിലുള്ളതെന്നും എട്ടുജില്ലകൾ കോവിഡ് മുക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ,എറണാകുളം, കോട്ടയം,പത്തനംതിട്ട,ആലപ്പുഴ,തിരുവന്തപുരം എന്നീ ജില്ലകളാണ് കോവിഡ് മുക്തമായത്. സംസ്ഥാനത്ത് പുതുതായി ഹോട്ട്സ്പോട്ടുകളില്ലെന്നും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ കുറവ് ആശ്വസകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് ഏഴുപേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് ആറുപേരും പത്തനംതിട്ടയിൽ ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതുവരെ സംസ്ഥാനത്ത് 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 30 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 14,670 പേർ നിരീക്ഷണത്തിലുണ്ട്. 14,402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്നുമാത്രം 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.