മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും: പ്രധാനമന്ത്രി

കൊറോണ വൈറസ് സൃഷ്ടിക്കുന്ന ആഘാതം വരും മാസങ്ങളിലും ദൃശ്യമാകും; മാസ്‌കുകളും മുഖാവരണങ്ങളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാകും: പ്രധാനമന്ത്രി

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട സാഹചര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും മഹാമാരിയെ പ്രതിരോധിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമായി  പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. ലോക്ക് ഡൗണ്‍ ഗുണപരമായ ഫലം നല്‍കിയെന്നും കഴിഞ്ഞ ഒന്നര മാസത്തിനിടെ ആയിരക്കണക്കിനു ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദ്രുത പ്രതികരണമാകണം നമ്മുടെ ലക്ഷ്യമെന്നും  ‘രണ്ടടി അകലം പാലിക്കുക’ എന്നർത്ഥം വരുന്ന ‘ദോ ഗസ് ദൂരി’ മന്ത്രം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഹോട്ട് സ്പോട്ടുകളില്‍, അതായത് റെഡ് സോണ്‍ മേഖലകളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള  മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. റെഡ് സോണ്‍ ഓറഞ്ച് സോണായും തുടര്‍ന്ന് ഗ്രീന്‍ സോണായും മാറുന്നതിനുള്ള ശ്രമങ്ങള്‍ സംസ്ഥാനങ്ങള്‍ കൈക്കൊള്ളണം, സാധാരണക്കാരുടെ ജീവിതത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങള്‍ കൊണ്ടുവരണം, കോവിഡ് 19 നെതിരായ പോരാട്ടം തുടരുന്നതിനൊപ്പം സമ്പദ് വ്യവസ്ഥയ്ക്കും നാം പ്രാധാന്യം നല്‍കണം തുടങ്ങിയ നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. സമയബന്ധിതവും കൃത്യതയാർന്നതുമായ നടപടികള്‍ സ്വീകരിച്ചതിലൂടെ നിരവധി പേരെ സംരക്ഷിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. എങ്കിലും വൈറസ് ഉയര്‍ത്തുന്ന അപകടം വളരെ വലുതാണെന്നും നിരന്തരമായ ജാഗ്രത തുടരണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദേശത്തുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന വിഷയത്തില്‍, അവര്‍ അസൗകര്യങ്ങള്‍ ഒന്നും നേരിടുന്നില്ലെന്നും   അവരുടെ കുടുംബങ്ങള്‍ക്ക് അപകടമൊന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പു വരുത്തി വേണം  ഇത് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനങ്ങള്‍, വേനല്‍ക്കാലം, മണ്‍സൂണ്‍ എന്നിവയുടെ വരവ്, ഈ സീസണില്‍ വരാനിടയുള്ള അസുഖങ്ങള്‍ എന്നിവ പരിഗണിച്ചു വേണം പ്രതിരോധ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ്- 19 നെതിരായ പോരാട്ടത്തില്‍ രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ ജനങ്ങള്‍ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സാങ്കേതികവിദ്യയുടെ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മഹാമാരിക്കെതിരെ പോരാടുന്നതിനുള്ള ഗവേഷണങ്ങളും കണ്ടുപിടിത്തങ്ങളും മെച്ചപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വ്യക്തികളെ ഏകോപിപ്പിക്കണമെന്നും  അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിനും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മുഖ്യമന്ത്രിമാർ  നിർദേശങ്ങൾ നൽകി. ഈ പ്രതിസന്ധി ഘട്ടത്തില്‍ വൈറസ് വ്യാപനം തടയുന്നതിന് പ്രധാനമന്ത്രി  സ്വീകരിച്ച  നടപടികളെയും അദ്ദേഹത്തിന്റെ നേതൃത്വത്തേയും  നേതാക്കൾ അഭിനന്ദിച്ചു. ലോക്ക് ഡൗണ്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആഭ്യന്തരമന്ത്രി വീണ്ടും ചൂണ്ടിക്കാട്ടി. അത്തരത്തില്‍ പരമാവധി ജീവന്‍ രക്ഷിക്കാനാകും. കോവിഡ് – 19 നെതിരായ പോരാട്ടത്തില്‍ നടത്തുന്ന മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക്  പോലീസ് സേനയ്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ നന്ദി അറിയിച്ചു.