ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട അക്ക നമ്പർ വാഹനങ്ങൾ ഓടാൻ അനുവദിക്കുന്ന രീതിയിൽ ക്രമീകരണം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും.
നിർത്തിയിട്ട വാഹനങ്ങൾ കേടാവാതിരിക്കാൻ ആഴ്ചയിൽ ഒരിക്കൽ അവ സ്റ്റാർട്ട് ചെയ്യുന്നതിനുള്ള അനുമതി നൽകും. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും മറ്റെവിടെയെങ്കിലും നിർത്തിയിട്ട വാഹനങ്ങൾക്കും ഇത് ബാധകമാണ്.
അതിഥി തൊഴിലാളികൾക്കും സാമൂഹ്യ അടുക്കളയിലേക്കും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നുവെന്ന് സിവിൽ സപ്ലൈസ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
കലക്ടർമാരും ജില്ലാ പൊലീസ് മേധാവികളുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും നടത്തിയ വീഡിയോ കോൺഫറൻസിൽ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ കാലത്ത് സ്തുത്യർഹമായ പ്രവർത്തനത്തിന് അവരെ അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷം വരുന്ന സ്ഥിതിക്ക് ഓടും ഓലയും മേഞ്ഞ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തുന്നതിന് അനുമതി നൽകും. കിണറുകൾ വൃത്തിയാക്കാനും അനുമതിയുണ്ടാകും. ശേഖരിച്ചുവെച്ച കശുവണ്ടി പ്രത്യേക ലോറിയിൽ കൊല്ലം വരെ എത്തിക്കാൻ സഹകരണ സംഘങ്ങൾക്ക് പ്രത്യേക അനുമതി നൽകും. കശുവണ്ടി വികസന കോർപ്പറേഷനും കാപ്ക്‌സുമാണ് കശുവണ്ടി എടുക്കുന്നത്.
അങ്കണവാടികൾ അടച്ചിട്ട സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ തീരുമാനിച്ചിരുന്നു. ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മെയ് 15 വരെ ഭക്ഷണ സാധനങ്ങൾ വീടുകളിൽ എത്തിച്ചു നൽകും. അങ്കണവാടി പ്രവർത്തകർ 37 ലക്ഷം വയോധികരുടെ വിവരങ്ങൾ അന്വേഷിക്കുകയും അവർക്കാവശ്യമായ സാഹയങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തന്റെയും സ്ഥാപനങ്ങളുടെയും പൂർണ സഹകരണം പി വി അബ്ദുൾവഹാബ് എംപി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ജൻശിക്ഷൻ സൻസ്താൻ തങ്ങളുടെ ഉടമസ്ഥതയിലുള്ള മൂന്ന് പരിശീലനകേന്ദ്രങ്ങൾ ഐസോലേഷൻ വാർഡുകളാക്കാൻ വിട്ടു നൽകും. നിർമാണ ചെലവ് മാത്രം ഈടാക്കി 25,000 മാസ്‌ക്കുകൾ ദിവസേന നിർമിച്ചു നൽകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. പീവീസ് ഇൻറർനാഷണൽ സ്‌കൂൾ, പീവീസ് മോഡൽ സ്‌കൂൾ, അമൽ കോളേജ് എന്നിവയും കോവിഡ് പ്രതിരോധത്തിന് വിട്ടുനൽകും എന്ന് അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിലെ പ്രമുഖ ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് കോവിഡ് രോഗികൾക്ക് ആവശ്യമായ ഒരു ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ സൾഫേറ്റ് ഗുളികകൾ സംഭാവന ചെയ്തതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.