കൊറോണയുടെ സാഹചര്യത്തിൽ കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികൾക്കായി നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു. https://www.registernorkaroots.org/
എന്ന വെബ്സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. ഞായറാഴ്ച വൈകുന്നേരമാണ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചത്.
പ്രവാസികളെ കൊണ്ടു വരുമ്പോൾ ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിംഗ് വീസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വീസ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്‍റ് വീസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്കാണ് മുൻഗണന നൽകുക. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളെ തിരികെയത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂമുകൾ തുറന്നു. തിരിച്ചെത്തുന്ന പ്രവാസികൾക്കായി സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം.
വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
മടങ്ങിയെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കുള്ള നിർദേശങ്ങൾ;
👉 നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന ഏര്‍പ്പാടുകള്‍ പാടില്ല
👉 സ്വന്തം വാഹനം വരികയാണെങ്കില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ
👉 വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ അതിനിടയില്‍ സന്ദര്‍ശിക്കരുത്
👉 രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവരുടെ ലഗേജ് ബന്ധപ്പെട്ട സെന്‍ററുകളില്‍ ഭദ്രമായി സൂക്ഷിക്കും.