സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു. കാർഡ് റജിസ്റ്റർ ചെയ്ത റേഷൻ കടകളിൽ നിന്ന് മാത്രമേ 1000 രൂപയുടെ കിറ്റ് ലഭിക്കുകയുള്ളു. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ് ) വിഭാഗത്തിനാണ് ആദ്യം കിറ്റ് വിതരണം ചെയ്യുക. ഇന്ന് (ഏപ്രിൽ 9) ഉച്ചയ്ക്ക് 2 മണി മുതൽ ഭക്ഷ്യ കിറ്റ് വിതരണം ആരംഭിക്കും.

ഇതിനായി പെസഹാ വ്യാഴം, ദുഃഖവെള്ളി ദിനങ്ങളിലും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. റേഷൻ കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്ക് അംഗങ്ങളുടെ എണ്ണം അനുസരിച്ച് 15 കിലോഗ്രാം അരിവരെ സൗജന്യമായി നൽകും. ഇതിനായി റേഷൻ കാർഡ് ഇല്ലാത്തവർ ആധാർ നമ്പറും സത്യവാങ്മൂലവും നൽകണം.

ഉപ്പ് തുടങ്ങി 17 വിഭവങ്ങൾ അടങ്ങുന്ന 1000 രൂപയിൽ കവിയാത്ത  ഭക്ഷ്യകിറ്റുകളാണ് ഇന്ന് മുതൽ സൗജന്യമായി റേഷൻ കടകൾ വഴി ലഭിക്കുക. കേന്ദ്ര സർക്കാർ അനുവദിച്ച ഒരാൾക്ക് 5 കിലോഗ്രാം സൗജന്യ അരി വിതരണം ഏപ്രിൽ 21 മുതൽ ആരംഭിക്കും.

സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകൾ, സൂപ്പർ, ഹൈപ്പർ മാർക്കറ്റുകൾ, പീപ്പിൾ ബസാർ തുടങ്ങിയ സ്ഥാപനങ്ങളിലെ സ്റ്റോക്കുകൾ ഉപയോഗിച്ചാണ് ആദ്യ ഘട്ട കിറ്റുകൾ തയ്യാറാക്കുക.