സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതും രോഗമുക്തി നേടിയതും 4 പേർ

സംസ്ഥാനത്ത് നാലുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചെന്നും നാല് പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ മൂന്നുപേർക്കും കാസർകോട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ വിദേശത്തുനിന്നു വന്നതാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കണ്ണൂരിൽ രണ്ടുപേരുടേയും കാസർകോഡ് രണ്ടുപേരുടേയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്ത് 485 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,773 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 20,255 പേർ വീടുകളിലും 518 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർകോഡ് ജില്ലയിലാണ്. 175 കേസുകളാണ് ഇവിടെനിന്ന് റിപ്പോർട്ട് ചെയ്തത്. കാസർകോട് ജനറൽ ആശുപത്രിയിൽ ഇതുവരെ 85 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. അവസാനത്തെ രോഗിയെയും ഇന്ന് ഡിസ്ചാർജ് ചെയ്തു. ഡോക്ടർമാർ അടക്കമുള്ള 200 പേരടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് വരുന്ന ആളുകൾക്ക് സൂക്ഷ്മമായ ക്രമീകരണം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കേരള അതിർത്തിയിൽ എത്തുന്ന സമയം, പോകേണ്ട സ്ഥലം, ക്വാറന്റൈൻ എവിടെ ചെയ്യണം എന്നത് സംബന്ധിച്ച് അതിർത്തികളിൽ വെച്ച് തന്നെ കൃത്യമായ ആസൂത്രണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രിൻസിപ്പിൾ സെക്രട്ടറി ബിശ്വനാഥ് സിൻഹക്കായിരിക്കും ഇതിന്റെ ഏകോപന ചുമതലയെന്നും മുഖ്യമന്ത്രി അറിയിച്ചു.