ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
അതേസമയം കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് രണ്ടുപേര്‍ക്കുകൂടി ജീവന്‍ നഷ്ടമായി. പഞ്ചാബ് സ്വദേശിയായ 70 കാരന്‍ ബാന്‍ഗ ടൗണിലെ സിവില്‍ ആശുപത്രിയിലാണ് മരിച്ചത്. ജര്‍മ്മനിയിലും ഇറ്റലിയിലും സന്ദര്‍ശനം നടത്തിയ ഇയാള്‍ മാര്‍ച്ച് 7നാണ് ഇന്ത്യയിലെത്തിയത്. ജയ്പൂരില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് രണ്ടാമത്തെയാള്‍. ഇതോടെ കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം അഞ്ചായി.
19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്‌കോട്ടിലും ഒരോ കേസുകള്‍ സ്ഥിരീകരിച്ചു. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ നിരീക്ഷണത്തിലിരുന്ന ആറുപേര്‍ ചാടിപോയി. പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. 20ലധികം പേര്‍ ഡല്‍ഹിയില്‍ സംഘടിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.