അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാം

കൊച്ചി: സി.ബി.എസ്.ഇയുടെ അഫിലിയേഷന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പത്താംക്ലാസ് പരീക്ഷ എഴുതുന്നത് അനിശ്ചിതത്വത്തിലായ അരൂജ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. തുടര്‍ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും.

തോപ്പുംപടി അരൂജ സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്നാണ് സി.ബി.എസ്.ഇ ഹൈക്കോടതിയെ അറിയിച്ചത്. ഒരു വീട്ടില്‍ ആണ് സ്‌കൂള്‍ നടത്തുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ സമീപനം ആണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം. അരൂജ സ്‌കൂളിലെ കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷയ്ക്ക് ഇരുത്താന്‍ ശ്രമിച്ച മൂന്നു സ്‌കൂളുകള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.