വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന യന്ത്ര പ്രദർശന മേള ഫെബ്രുവരി 7 മുതൽ 10 വരെ തൃശൂർ തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് വ്യവസായ വൽക്കരണം ത്വരിതപ്പെടുത്തുന്നതിന് സംരംഭങ്ങൾക്ക് ആവശ്യമായ യന്ത്രസാമഗ്രികൾ നാളെ മുതൽ തേക്കിൻകാട് മൈതാനത്ത് അണിനിരക്കുകയാണ്. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ആധുനിക സാങ്കേതിക വിദ്യകളും യന്ത്ര സാമഗ്രികളും മേള അനാവരണം ചെയ്യും.
വിവിധ മേഖലകളിലെ സംരംഭങ്ങള്‍ക്കിണങ്ങുന്ന 145 യന്ത്ര നിർമ്മാതാക്കളും സാങ്കേതിക വിദ്യ ദാതാക്കളും മേളയിൽ പങ്കെടുക്കും.ഉല്പാദന സംരംഭങ്ങൾക്കും സേവന സംരംഭങ്ങൾക്കും ആവശ്യമായ എല്ലാത്തരം യന്ത്ര സാമഗ്രികളും മേളയിൽ പ്രദർശനത്തിന് ഉണ്ടായിരിക്കുന്നതാണ്. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും പ്രദർശകർ പങ്കെടുക്കും. 40,000 ചതുരശ്ര അടിയിൽ പൂര്‍ണ്ണമായും ശീതീകരിച്ച പവലിയനാണ് മേളയ്ക്കായി ഒരുക്കിയിട്ടുള്ളത്. മേളയോട് അനുബന്ധിച്ച് സംരംഭകർക്ക് ആവശ്യമായ വിവിധ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടായിരിക്കും.
രാവിലെ 10 മുതൽ വൈകുന്നേരം 7 മണി വരെ സ്റ്റാളുകൾ പ്രവർത്തിക്കും. പ്രവേശനം സൗജന്യമാണെന്നും വ്യവസായ വാണിജ്യ ഡയറക്ടർ അറിയിച്ചു.