തൃശൂര്‍: ‘ഈ തൃശൂര്‍ എനിക്ക് വേണം, ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ എന്ന ഡയലോഗ് ഏവര്‍ക്കും സുപരിചിതമാണ്. ലോക്സഭ തിരഞ്ഞടുപ്പ് പ്രചാരണ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായ സുരേഷ് ഗോപിയുടെ ഡയലോഗാണിത്. പ്രചരണത്തിന്റെ ഭാഗമായാണ് പറഞ്ഞതെങ്കിലും ഇപ്പോഴിതാ തൃശ്ശൂരിലെ ഒരു ഗ്രാമം ദത്തെടുത്തിരിക്കുകയാണ് അദ്ദേഹം.
തൃശൂരിലെ ഒരു ഗ്രാമം ദത്തെടുക്കുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തൃശൂരിലെ അവിനിശ്ശേരി പഞ്ചായത്താണ് സുരേഷ് ഗോപി ദത്തെടുത്തിരിക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. നിരവധി പദ്ധതികളാണ് ഗ്രാമത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടുവരുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടാതെ മികച്ച ഒരു ഫുഡ്കോപ്ലക്സ് വേണ്ടി എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.