ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിധി. ഡല്‍ഹി ഹൈക്കോടതി വിധി ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി ഭരണഘടനാബഞ്ച് വിധി പുറപ്പെടുവിച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.
ജഡ്ജി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിധി നിര്‍ണായകമാണ്. പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സുതാര്യത അനിവാര്യമെന്ന് സുപ്രീംകോടതി പറഞ്ഞു. സുതാര്യതയുടെ പേരില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഹനിക്കരുത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഒന്നിച്ചുപോകണമെന്നും വിധി പറയുന്നു. 2009 നവംബര്‍ 24 നാണ് സുപ്രീംകോടതിക്കും ചീഫ്ജസ്റ്റിസിന്റെ ഓഫീസിനും വിവരാവകാശ നിയമം ബാധകമാണെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ച് വിധിച്ചത്.
സുപ്രീംകോടതിയും ചീഫ്ജസ്റ്റസിന്റെ ഓഫീസും പൊതുസ്ഥാപനങ്ങളാണ്. അതിനാല്‍ ഭരണപരമായ കാര്യങ്ങളെക്കുറിച്ച് പൗരന്മാര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കേണ്ടത് നിയമപരമായ ഉത്തരവാദിത്തമാണെന്നായിരുന്നു ഹൈക്കോടതിയുടെ തീര്‍പ്പ്. ഇതിനെതിരെ 2010 നവബംറില്‍ സുപ്രീംകോടതി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപ്പീല്‍ നല്‍കി. ഇത് പരിഗണിച്ച് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ആറ് വര്‍ഷത്തിന് ശേഷം 2016 ലാണ് ഹര്‍ജി അഞ്ചംഗ ഭരണഘടന ബെഞ്ചിന് വിട്ടത്.