മുറിയ്ക്കുള്ളിലുണ്ടായിരുന്ന പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു

സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പൊലീസുകാരനെ ആക്രമിച്ച് മുറിയില്‍ പൂട്ടി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് രക്ഷപ്പെട്ടത്. കാവല്‍ നിന്ന പൊലീസുകാരനായ നെല്‍സണാണ് മര്‍ദ്ദനമേറ്റത്. ഇയാളെ മുറിക്കുള്ളിലാക്കി പൂട്ടിയ ശേഷം പ്രതികള്‍ രക്ഷപെടുകയായിരുന്നു.

കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്. ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളായ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ഇവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായതായി വിവരം ലഭിച്ചത്. തുടര്‍ന്നാണ് പൊലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.