നവംബര്‍ 20ന് സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി: നവംബര്‍ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ അടക്കമുള്ള ബസ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, സമഗ്ര ഗതാഗതനയം രൂപീകരിക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യബസുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പണിമുടക്ക്.

സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ ബുധനാഴ്ച കലക്റ്ററേറ്റ് പടിക്കല്‍ ധര്‍ണ നടത്തിയിരുന്നു. 13ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും ധര്‍ണ നടത്തും. 2018 മാര്‍ച്ചില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപ. ഇപ്പോള്‍ 71 രൂപയായി. ചെറുവാഹനങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ യാത്രക്കാരുടെ എണ്ണവും കുറഞ്ഞു. മാത്രമല്ല, യാത്രാനിരക്കിന്റെ 12 ശതമാനം തുകമാത്രമാണ് വിദ്യാര്‍ഥികള്‍ നല്‍കുന്നത്. പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സര്‍വീസ് മുടക്കിലേക്കു നീങ്ങേണ്ടിവരുമെന്നും ഭാരാവാഹികള്‍ വ്യക്തമാക്കി.