കൊയിലാണ്ടി: ഡിവൈ.എസ്.പി.യോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡ്രൈവറേയും കണ്ടക്ടറേയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നടന്ന പണിമുടക്കില്‍ വലഞ്ഞ് ജനം. കണ്ണൂര്‍ – കോഴിക്കാട് റൂട്ടിലെ സ്വകാര്യ ബസുകളാണ് യാത്രക്കാരെ വലച്ചത്. മുന്നറിയിപ്പില്ലാതെയും തൊഴിലാളി യൂണിയനുകളുടെ അനുമതിയില്ലാതെയുമായിരുന്നു വ്യാഴാഴ്ചത്തെ പണിമുടക്ക്.
ബസ് തടഞ്ഞു നിര്‍ത്തിയയുടനെ ഡിവൈ.എസ്.പി മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പോലീസ് കേസെടുത്തത്. താമരശ്ശേരി ഡിവൈ.എസ്.പി. കെ.പി. അബ്ദുള്‍ റസാക്കിന്റെ പോലീസ് ജീപ്പ് തിരുവങ്ങൂരിലെത്തിയപ്പോള്‍ മുതല്‍ പിന്നില്‍ അതിവേഗത്തില്‍ വന്ന സ്വകാര്യ ബസ് തുടര്‍ച്ചയായി ഹോണടിച്ചും ഡോറിലടിച്ചും പോലീസ് ജീപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാല്‍ എതിര്‍ ഭാഗത്തുനിന്ന് വാഹനങ്ങള്‍ നിരനിരയായി വരുന്നതിനാല്‍ ബസിനു വഴികൊടുക്കാന്‍ ആയില്ലെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. എന്നിട്ടും ബസ് ഹോണടിച്ചു കൊണ്ടേയിരുന്നു. ഹോണടി ശല്യം അതിരുവിട്ടപ്പോഴാണ് ചെങ്ങോട്ടുകാവ് ടൗണില്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശപ്രകാരം പോലീസ് വാഹനം റോഡിന് മധ്യത്തില്‍ നിര്‍ത്തി ബസ് തടഞ്ഞിട്ടത്.
ഗാലക്സി ബസ് ഡ്രൈവര്‍ മാഹി പുന്നോളി സജീര്‍ മന്‍സില്‍ സഹീര്‍ (34), കണ്ടക്ടര്‍ കോഴിക്കോട് വെള്ളിപറമ്പ് പുവന്‍പറമ്പത്ത് അബൂബക്കര്‍ (40) എന്നിവര്‍ക്കെതിരേയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തിയത്.