ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദനീയമാണെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ബി.ആര്‍. ഗവായ്. ശബരിമലയുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി പരിഗണിക്കവേയാണു ജഡ്ജിയുടെ പരാമര്‍ശം. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കുന്നതിനു യാതൊരു തടസവുമില്ല. ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികള്‍ പുതിയ ബെഞ്ചിന്റെ പരിഗണനയില്‍ വന്നെങ്കിലും പഴയ വിധിയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ജസ്റ്റീസ് ഗവായ് പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിച്ച ഉത്തരവിനെതിരേ നല്‍കിയ ഹര്‍ജികളില്‍ സുപ്രീംകോടതി തീരുമാനമെടുത്തിട്ടില്ല. ശബരിമലയില്‍ യുവതീപ്രവേശനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയുള്ള 1965ലെ കേരളാ ഹിന്ദു ആരാധനാസ്ഥല പ്രവേശന നിയമവും മതകാര്യങ്ങളില്‍ കോടതിക്ക് എത്രത്തോളം ഇടപെടാനാകുമെന്ന വിഷയവും ഏഴംഗ ഭരണഘടനാ ബെഞ്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ച കോടതി, അതിന്റെ ഉത്തരവ് വരുന്നതു വരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്നതു മാറ്റിവച്ചിരിക്കുകയാണ്. വിശാല ബെഞ്ചിന്റെ തീരുമാനമുണ്ടായശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ച് പരിശോധിക്കും.
2018 സെപ്റ്റംബര്‍ 28-ന് അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരേ നല്‍കിയ 55 പുനഃപരിശോധനാ ഹര്‍ജികളും നാല് റിട്ട് ഹര്‍ജികളുമാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ ഫെബ്രുവരി ആറിന് തുറന്ന കോടതിയില്‍ വാദം കേട്ടിരുന്നു. ഒന്‍പത് മാസങ്ങള്‍ക്കു ശേഷമാണ് അഞ്ചംഗ ബെഞ്ച് വിധി പറഞ്ഞത്. എന്നാല്‍, പുന:പരിശോധന ഹര്‍ജികള്‍ അംഗീകരിക്കുന്നതായോ തള്ളിക്കളയുന്നതായോ കോടതി വ്യക്തമാക്കിയിട്ടില്ല. യുവതി പ്രവേശനം അനുവദിച്ചുള്ള മുന്‍ ഉത്തരവ് സ്റ്റേ ചെയ്യാത്തതിനാല്‍ അത് പ്രാബല്യത്തിലുമാണ്.