രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്; ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് ആരോപിച്ച് ശിവസേന. സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ സമയം അനുവദിക്കാതെ രാഷ്ട്രപതി ഭരണത്തിനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു.

കൂടുതല്‍ സമയം അനുവദിച്ചാല്‍ തങ്ങള്‍ അനായാസം സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപിക്ക് 72 മണിക്കൂര്‍ സമയമാണ് നല്‍കിയത്. തങ്ങള്‍ക്ക് നല്‍കിയത് കുറച്ച് സമയം മാത്രമാണ്. രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കുന്നതുള്ള ബിജെപിയുടെ തന്ത്രമാണിതെന്നും റൗത്ത് ആരോപിച്ചു.

രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ശിവസേനയെ സര്‍ക്കാര്‍ രൂപവത്കരണത്തിനു ഗവര്‍ണര്‍ ക്ഷണിച്ചത്. ഇന്നു രാത്രി ഏഴരയ്ക്കകം മറുപടി നല്കാനാണു ശിവസേനാ നിയമസഭാ കക്ഷി നേതാവ് ഏക്‌നാഖ് ഷിന്‍ഡെയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നു രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്നു ബിജെപി നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ശിവസേനയ്ക്കു ക്ഷണം ലഭിച്ചത്. 288 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്.