പശുവിന്‍ പാല്‍ ഗുണങ്ങള്‍ ഏറെയുള്ളതാണെന്നും ആരോഗ്യത്തിന് നല്ലതാണെന്നും നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അറിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണമുണ്ടെന്നാണ് പുതിയ അറിവ്. പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇത്തരമൊരു വിചിത്രവാദം ഉന്നയിച്ചിരിക്കുന്നത്. പാലില്‍ സ്വര്‍ണമുള്ളത് കൊണ്ടാണ് അതിന് സ്വര്‍ണക്കളര്‍ എന്നുമായിരുന്നു ദിലീപ് ഘോഷിന്റെ വാദം.
അതിന് പിന്നാലെ ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത് ചില ബാങ്കുകാരാണ്. ദിലീപ് ഘോഷ് ഒരാവേശത്തിന് പറഞ്ഞതാണെങ്കിലും ചിലര്‍ ഇത് സത്യമാണെന്ന് കരുതി ബാങ്കില്‍ ചെന്ന കര്‍ഷകരാണ് ബാങ്കുകാര്‍ക്കും ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും തലവേദനയായത്.
ഘോഷിന്റെ പ്രസംഗം കേട്ടപാതി ഒരു കര്‍ഷകന്‍ തന്റെ പശുവുമായി പശ്ചിമ ബംഗാളിലെ മണപ്പുറം ഫിനാന്‍സിന്റെ ബ്രാഞ്ചിലെത്തി. പാലില്‍ സ്വര്‍ണമുള്ളതുകൊണ്ട് സ്വര്‍ണ വായ്പ ലഭിക്കുമെന്നായിരുന്നു ഇയാളുടെ പ്രതീക്ഷ. ”ഞാന്‍ ഇവിടെ വന്നത് ഒരു സ്വര്‍ണ്ണ വായ്പയ്ക്കാണ്, അതുകൊണ്ടാണ് ഞാന്‍ പശുക്കളെയും എന്റെ കൂടെ കൂട്ടിയത്. പശുവിന്‍ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് ഞാന്‍ കേട്ടു. എന്റെ കുടുംബം ഈ പശുക്കളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. എനിക്ക് 20 പശുക്കളുണ്ട്, എനിക്ക് വായ്പ ലഭിച്ചാല്‍, എന്റെ ബിസിനസ് വിപുലീകരിക്കാന്‍ എനിക്ക് കഴിയും.”
ദിലീപ് ഘോഷിന്റെ വിചിത്ര പ്രസംഗം കാരണം വെട്ടിലായ മറ്റൊരാള്‍ ഗരല്‍ഗച്ച ഗ്രാമപഞ്ചായത്ത് പ്രധാന്‍ മനോജ് സിങാണ്. ഓരോ ദിവസവും ക്ഷീര കര്‍ഷകര്‍ തങ്ങളുടെ പശുക്കളുമായി മനോജിന്റെ വീട്ടിലെത്തുന്നുണ്ട്. അവര്‍ക്ക് അറിയേണ്ടത്, തങ്ങളുടെ പശുക്കളെ പണയം വെച്ചാല്‍ എത്ര രൂപ വായ്പ കിട്ടുമെന്നാണ്. ഇതോടെ ദിലീപ് ഘോഷിനെതിരെ മനോജും രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതുപോലെയുള്ള വിചിത്ര പ്രസ്താവനയിലൂടെ ദിലീപ് ഘോഷ് സൃഷ്ടിച്ച ഈ സാഹചര്യത്തിനും പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന് അവകാശപ്പെട്ടതിനും അയാള്‍ക്ക് നൊബേല്‍ സമ്മാനം കൊടുക്കണമെന്നാണ് മനോജ് പരിഹസിക്കുന്നത്.