ബംഗളൂരു: രാജ്യത്തെ ഐടി മേഖലയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. ഐടി മേഖലയില്‍ ഇത്തരത്തില്‍ തൊഴില്‍ നഷ്ടമാവുന്ന അവസ്ഥ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണമായ പ്രതിഭാസമാണെന്നും ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും മണിപ്പാല്‍ ഗ്ലോബല്‍ എജ്യുക്കേഷന്‍ ചെയര്‍മാനുമായ മോഹന്‍ദാസ് പൈ വ്യക്തമാക്കി.
കമ്പനികള്‍ അതിവേഗം വളരുമ്പോള്‍ സ്ഥാനക്കയറ്റം കൊടുക്കുന്നതിന് കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍ പുന: ക്രമീകരിക്കേണ്ടി വരും. ജീവനക്കാരെ ഒഴിവാക്കേണ്ടി വരും. ഓരോ അഞ്ചു വര്‍ഷം കൂടുംതോറും ഇത് ആവര്‍ത്തിക്കാന്‍ പോകുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ നഷ്ടപ്പെടുന്നവരില്‍ 80 ശതമാനം പേര്‍ക്കും അവര്‍ വിദഗ്ധരാണെങ്കില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും പൈ കൂട്ടിച്ചേര്‍ത്തു.