ശുചിത്വ നടപടികളില്‍ വീഴ്ച വരുത്തിയതിന് കൊച്ചിയിലെ 34 വീട്ടുടമകള്‍ക്ക് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. 13,625 വീടുകളും പരിസരങ്ങളും പരിശോധിച്ചതില്‍ കാക്കനാടുള്ള 34 വീടുകളില്‍ ആരോഗ്യ ഭീഷണി സൃഷ്ടിക്കും വിധം ഗുരുതരമായ വീഴ്ച കണ്ടെത്തുകയായിരുന്നു.
‘ഹെല്‍ത്തി കേരള’ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. വീടും ഇതര സ്ഥാപനങ്ങളും പരിസരവും പൊതുനിരത്തും വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നുറപ്പാക്കാനാണ് ജില്ലയില്‍ പദ്ധതിക്കു രൂപം നല്‍കിയത്. കര്‍ശന പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മൃഗങ്ങളെയും പക്ഷികളെയും വളര്‍ത്തുന്നതിലെ അശ്രദ്ധ, ശുചിമുറി ടാങ്കുകള്‍ ഭദ്രമായി അടക്കാതിരിക്കല്‍, ജലസ്രോതസ് മലിനമാക്കല്‍, അഴുക്കുചാലുകളിലെ ഒഴുക്ക് തടസപ്പെടുത്തല്‍, മാലിന്യം പൊതുനിരത്തിലേക്ക് ഒഴുക്കല്‍, കൊതുകുകള്‍ക്കു വളരാന്‍ സൗകര്യമൊരുക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ 20 സ്ഥാപനങ്ങള്‍ക്കും അഞ്ചു നിര്‍മാണ സൈറ്റുകള്‍ക്കും 11 തോട്ടങ്ങള്‍ക്കും 31 ഇതര സംസ്ഥാന ക്യാംപുകള്‍ക്കും ഇതേ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
ജില്ലയിലെ 346 സ്ഥാപനങ്ങളിലും 293 തോട്ടങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ 205 ക്യാംപുകളിലും 100 നിര്‍മാണ സൈറ്റുകളിലുമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. മുന്‍പ് നോട്ടീസ് നല്‍കിയിട്ടും അനാസ്ഥ തുടരുന്നതായി കണ്ടെത്തിയ മൂന്ന് ഇതര സംസ്ഥാന ക്യാംപുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.