‘മഹ’ ശക്തി പ്രാപിക്കുന്നു; തീരപ്രദേശങ്ങളില്‍ കടലാക്രമണം

കൊച്ചി: കേരളത്തില്‍ പലയിടത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ‘മഹ’ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചിയിലെ തീരപ്രദേശങ്ങളായ ചെല്ലാനം, എടവനക്കാട്, ഞാറയ്ക്കല്‍, ഫോര്‍ട്ട് കൊച്ചി തീരങ്ങളില്‍ കടലാക്രമണം ഉണ്ടായി. ഉച്ചയ്ക്കു ശേഷം മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുന്നതിനാല്‍ അടുത്ത എട്ടു മണിക്കൂര്‍ കൊച്ചി മുതല്‍ കാസര്‍കോടു വരെ ശക്തമായ മഴയ്ക്കും കാറ്റിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് മണിക്കൂറില്‍ 15 കിമീ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി വടക്ക്- വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ മണിക്കൂറില്‍ 90 മുതല്‍ 140 കിലോ മീറ്റര്‍ വരെ മഹ വേഗത പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍.