കൊച്ചി: നൂറു വര്‍ഷം ഗാരന്റിയുള്ള പുതിയ പാലം ഒരു വര്‍ഷം കൊണ്ടു പാലാരിവട്ടത്ത് നിര്‍മിക്കുമെന്ന് ഇ. ശ്രീധരന് ഉറപ്പു നല്‍കിയതായി മന്ത്രി ജി. സുധാകരന്. നിയമസഭയില്‍ എം. സ്വരാജിന്റെ സബ്മിഷനു നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാലം നിര്‍മാണത്തിനായി 18 കോടി ചെലവു വരുമെന്നാണ് കണക്ക്. ഡിഎംആര്‍സിയ്ക്കാണ് നിര്‍മാണ ചുമതല. മുന്‍പു ചെയ്ത പദ്ധതികളുടെ പണം ബാക്കിയുള്ളതിനാല്‍ ഡിഎംആര്‍സിക്ക് ഇപ്പോള്‍ പണം നല്കേണ്ടതില്ലെന്നതിനാലാണിത്.
കാര്‍ബണ്‍ ഫൈബര്‍ റാപ്പിങ് സാങ്കേതികവിദ്യയില്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കാമെന്നു മദ്രാസ് ഐഐടി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പക്ഷേ ഇതു 10 വര്‍ഷത്തേക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. അതിനാലാണു പാലാരിവട്ടത്ത് പുതിയ പാലം പണിയുന്നത്. പാലത്തിന്റെ ഡിസൈന്‍ മുതല്‍ ക്രമക്കേടുണ്ടായെന്നാണ് ഐഐടി റിപ്പോര്‍ട്ട്. ഇതില്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയാണ്. നിഷ്പക്ഷവും നിയമപ്രകാരവുമുള്ള അന്വേഷണമാവും ഇതെന്നും സര്‍ക്കാരിനു രാഷ്ട്രീയ വൈരാഗ്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.