കൊച്ചി : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൂട്ടര്‍ ഷെയറിങ് സ്റ്റാര്‍ട്ടപ്പായ വോഗോ കേരളത്തിലേക്കും വരികയാണ്.
ഇപ്പോള്‍ ബംഗളൂരു, ഹൈദരാബാദ്, മൈസൂരു, ചെന്നൈ, ഹുബ്ബള്ളി, മംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ സ്കൂട്ടര്‍ ഷെയറിങ് സേവനം നല്കുന്ന കമ്പനി ഈ വര്‍ഷം തന്നെ കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ വോഗോ ശൃംഖലയില്‍ 10,000 സ്കൂട്ടറുകളാണുള്ളത്. ഇതിൽ ഭൂരിഭാഗവും ഇലക്ട്രിക് സ്കൂട്ടറുകളാണ്. കമ്പനിക്ക് സ്വന്തമായി ഉള്ളതിന് പുറമേ പാട്ടത്തിനും ഫ്രാഞ്ചൈസികളിലൂടെയും ലഭിച്ചവയാണ് ഈ സ്കൂട്ടറുകൾ. 2025-ഓടെ ഇത് 10 ലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം.
ബംഗളൂരുവിലും മറ്റും മെട്രോ റെയിലുമായി സഹകരിച്ചാണ് വോഗോയുടെ പ്രവർത്തനം. സമാന രീതിയായിരിക്കും കൊച്ചിയിലും. ആവശ്യക്കാരന് വാഹനമെത്തിക്കാന്‍ ഡ്രൈവര്‍മാരുടെ ആവശ്യമില്ല. മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് സ്കൂട്ടറുകള് സ്റ്റാര്‍ട്ട് ചെയ്യുന്നതും ഓഫ് ചെയ്യുന്നതും.
ഉപഭോക്താവിന് വോഗോ ആപ്പിലൂടെ സമീപത്തെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ തിരഞ്ഞെടുക്കാം. വോഗോ ആപ്പ് തന്നെയാണ് സ്കൂട്ടറിന്റെ താക്കോലും. ആപ്പ് വഴിയാണ് സ്കൂട്ടർ ഓൺ/ഓഫ് ചെയ്യേണ്ടത്. ഉപയോഗശേഷം സമീപത്തെ സ്റ്റേഷനിൽ സ്കൂട്ടർ തിരിച്ചേല്‍പ്പിക്കാം. കിലോമീറ്ററിന് അഞ്ച് രൂപ മാത്രമാണ് നിരക്ക്. അതായത്, പത്തു കിലോമീറ്റർ യാത്ര ചെയ്താൽ പോലും ഉപഭോക്താവിന് ചെലവ് വെറും 50 രൂപ മാത്രമേ വരികയുള്ളൂ. ഇൻഷ്വറൻസ്, ജി.പി.എസ്., ബ്ളൂടൂത്ത്, മികച്ച ബാറ്ററി ബാക്കപ്പ് തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയാണ് ഉപഭോക്താവിന് സ്കൂട്ടർ നൽകുന്നത്. ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് മാത്രമേ സ്കൂട്ടർ നൽകൂ.
2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ വോഗോ ഇതിനോടകം 30 ലക്ഷത്തോളം റൈഡുകള്‍ ഒരുക്കിക്കഴിഞ്ഞു. പ്രതിദിനം 40,000ലേറെ റൈഡുകൾ ഇപ്പോൾ കമ്പനിക്ക് കിട്ടുന്നുണ്ട്. 12 മാസത്തിനകം 15 പുതിയ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയും 2025ഓടെ സ്കൂട്ടറുകളുടെ എണ്ണം ഒരുലക്ഷത്തിലേക്ക് ഉയർത്തുകയുമാണ് കമ്പനിയുടെ ലക്ഷ്യം. കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ നീക്കം