പി. ഹര്‍ഷകുമാര്‍
‘മനുഷ്യന്‍ മാനവികത മറക്കുമ്പോള്‍, അവന്‍ മൃഗമായി തീരും’, സാഹിത്യലോകം മുതല്‍ പ്രാസംഗികര്‍വരെ വളര്‍ന്നുവരുന്ന തലമുറയെ പാടിപ്പടിപ്പിക്കുന്ന അസംബന്ധമെന്നുവേണം ഈ വരിയെ വിശേഷിപ്പിക്കാന്‍. കാരണമെന്തെന്നാല്‍ ദയ, സ്‌നേഹം, കരുണ, പരിചരണം, സംരക്ഷണം തുടങ്ങി മാനുഷിക മൂല്യങ്ങളായി സമൂഹം അംഗീകരിക്കുന്ന എല്ലാ ഗുണങ്ങളും കളങ്കമില്ലാതെ നമുക്ക് കാണാന്‍ സാധിക്കുന്നുവെങ്കില്‍ അത് ഇതേ മൃഗങ്ങളില്‍ മാത്രമാണ്. എന്നിട്ടും കാടുകയ്യേറിയും സഞ്ചാര സ്വാതന്ത്രം തകര്‍ത്തും മനുഷ്യാധിപത്യം സ്ഥാപിക്കുന്ന നാം, ആട്ടിയോടിക്കുന്നത് ഭൂമിയുടെ തുല്യ അവകാശികളായ മറ്റൊരു ജന്തുസമൂഹത്തെക്കൂടിയാണ്. ഈ തിരിച്ചറിവ് കുറച്ചുപേര്‍ക്കെങ്കിലും ഉണ്ടെന്ന് ആശ്വസിക്കാനുതകുന്ന വാര്‍ത്തകളാണ് ‘ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള’ എന്ന മൃഗസ്‌നേഹികളുടെ കൂട്ടായ്മ മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിലുടനീളമുള്ള മൃഗസ്‌നേഹികളുടെ കൂട്ടായ്മയാണ് ‘ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള’. വളരെ കുറഞ്ഞ സൗകര്യങ്ങളുമായി, തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നതും പരിക്കേറ്റുകിടക്കുന്നതുമായ നായ്ക്കളുടെ സംരക്ഷണത്തിനുവേണ്ടി ഒത്തൊരുമിച്ചുകൂടിയ കുറച്ചുപേര്‍. പത്തനംതിട്ടയില്‍നിന്നും പ്രവര്‍ത്തനമാരംഭിച്ച് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചുതുടങ്ങിയപ്പോള്‍, സമീപ ജില്ലകളില്‍നിന്നും സമാന ചിന്താഗതിയുള്ളവരും ഒപ്പം കൂടി. ഇതോടെ കേരളത്തില്‍ എല്ലായിടത്തും വോളണ്ടിയര്‍മാരുള്ള ഒരു വലിയ കൂട്ടായ്മയായി മാറിയിരിക്കുകയാണ് ‘ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള’.
കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നവരും വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നവരുമെല്ലാം സാധാരണക്കാര്‍തന്നെ. കുടുംബമായി ജീവിക്കുന്നവരും കേരളത്തിന് അകത്തും പുറത്തും ജോലിചെയ്യുന്നവരും, വിദ്യാര്‍ത്ഥികളും മുതല്‍ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ വെല്ലുവിളികളെ നേരിടുന്ന നമ്മളില്‍ ചിലരായ സാധരണക്കാര്‍പോലും ഈ കൂട്ടായ്മയിലൂടെ ജീവിതത്തിന്റെ കുറച്ചുസമയം മൃഗങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നുവെന്ന് സംഘടനയിലെ അംഗമായ സിനു പറയുന്നു. പരിക്കേറ്റ് ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്നത് മുതല്‍ അവയ്ക്ക് മികച്ച ‘ഷെല്‍റ്റര്‍ ഹോമുകള്‍’ ഒരുക്കുന്നതുവരെ കൂട്ടായ്മയിലെ അംഗങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തമായി കരുതിപ്പോരുന്നു.
തനിക്ക് ചെറുപ്പത്തിലുണ്ടായ ഒരു അനുഭവമാണ് മൃഗസംരക്ഷണത്തിന് ഇത്തരത്തില്‍ ഒരു കൂട്ടായ്മ ആവശ്യമാണെന്ന തീരുമാനത്തിലെത്തിച്ചതെന്ന് സിനു പറയുന്നു. നാട്ടില്‍ സ്ഥിരമായി കാണാറുണ്ടായിരുന്ന ജൂലി എന്ന നായയെ, തെരുവുനായ ഉന്മൂലനമെന്ന സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ കണ്‍മുന്നിലിട്ട് കൊല്ലുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാനെ അന്ന് സിനുവിന് സാധിച്ചിരുന്നുള്ളൂ. ‘കൊല്ലാതെ വിട്ടുകൂടെ’യെന്ന കുഞ്ഞുസിനുവിന്റെ ചോദ്യത്തിന്, ഉടമകളില്ലാത്ത നായ്ക്കളെ കൊന്നുകളയാനാണ് സര്‍ക്കാര്‍ ഉത്തരവെന്ന മറുപടിയാണ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നല്‍കിയത്. കഴുത്തിലെ ഒരു ബെല്‍റ്റിന്റെ അഭാവം, ജൂലിയുടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമായിമാറുകയാണെന്ന് താനന്ന് തിരിച്ചറിഞ്ഞതായും സിനു പറഞ്ഞു.
ആര്‍ക്കും പങ്കാളിത്തമറിയിക്കാവുന്ന സുതാര്യമായ പ്രവര്‍ത്തന രീതിയാണ് കൂട്ടായ്മയ്ക്കുള്ളത്. തെരുവില്‍ ഒരു മൃഗം ജീവിതത്തോട് മല്ലിടുന്നത് ശ്രദ്ധയില്‍പ്പെടുന്ന ഏതൊരാള്‍ക്കും ‘ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള’യുടെ ഫേസ്ബുക്ക് പേജില്‍ ആ വിവിരം അപ്‌ഡേറ്റ് ചെയ്യാം. ഈ ഫേസ്ബുക്ക് പോസ്റ്റ് കാണുന്ന, സമീപ പ്രദേശത്തുള്ള സംഘടനയുടെ വോളണ്ടിയര്‍മാര്‍ എത്രയുംവേഗം സ്ഥലത്തെത്തി ആ മൃഗത്തിന്റെ സംരക്ഷണം ഏറ്റെടുക്കും. വിദഗ്ധ ചികിത്സ നല്‍കേണ്ട സാഹചര്യമാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത്തരത്തില്‍ സംരക്ഷണ ചുമതലയുമായി മുന്നോട്ടിറങ്ങുന്ന വോളണ്ടിയര്‍മാര്‍, തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ഡേറ്റ് ചെയ്യും. പരിക്കേറ്റ മൃഗത്തിന്റെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായിവരുന്ന ചിലവ്, ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ പങ്കിട്ട് വോളണ്ടിയര്‍ക്ക് നല്‍കും. ചികിത്സ പൂര്‍ത്തിയാക്കി ആരോഗ്യം വീണ്ടെടുക്കുന്ന മൃഗത്തിന് താല്‍ക്കാലിക ‘ഷെല്‍റ്റര്‍ ഹോമുകള്‍’ ഒരുക്കുകയാണ് അടുത്ത നടപടി. ഇതിന് ഓരോ ജില്ലയിലും പ്രത്യേക വോളണ്ടിയര്‍മാരുണ്ട്. പിന്നീട് ഈ മൃഗത്തെ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളയാളെ കണ്ടെത്തി കൈമാറുന്നതുവരെ തങ്ങളുടെ കടമ തുടരുമെന്ന് ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള പറയുന്നു. ഇത്തരത്തില്‍, സംരക്ഷണയിലുള്ള നായ്ക്കള്‍ അടക്കമുള്ള ജീവികള്‍ക്ക് ഉടമയെ കണ്ടെത്തുന്നതിനുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പും, പരിക്കേറ്റതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ മൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഫേസ്ബുക്ക് പേജുമാണ് നിലവില്‍ ‘ആനിമല്‍ റെസ്‌ക്യു ആന്റ് സപ്പോര്‍ട്ട് കേരള’യ്ക്കുള്ളത്.
ഒരുകാലത്ത് മൃഗസ്‌നേഹി അല്ലാതിരുന്നവര്‍പോലും ഇന്ന് ഈ കൂട്ടായ്മയുടെ ആക്ടീവ് അംഗങ്ങളാണ്. പലര്‍ക്കും ജീവിതത്തില്‍ യാദൃശ്ചികമായുണ്ടായ വേദനയുളവാക്കുന്ന അനുഭവങ്ങളാണ്, മൃഗങ്ങളും സംരക്ഷിക്കപ്പെടേണ്ടവരാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചത്. നായ്ക്കളാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ അവഗണനയേല്‍ക്കുന്ന മൃഗം. പ്രദേശിക ഇനത്തിലുള്ള നായ്ക്കളേക്കാള്‍ നമുക്കിഷ്ടം കാഴ്ചയില്‍ ഓമനത്തും തുളുമ്പുന്ന വിദേശ ഇനങ്ങളോടാണ്. എന്നാല്‍ ഇവയേക്കാളേറെ യജമാന സ്‌നേഹത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത് നാം ആട്ടിയോടിക്കുന്ന ഇതേ തെരുവുനായ്ക്കള്‍ക്കാണെന്ന് മലയാളികള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്ന് സംഘടനയിലെ അംഗങ്ങള്‍ പറയുന്നു. വിഷയത്തില്‍ കൂടുതല്‍ ബോധവല്‍ക്കരണങ്ങളും മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം. ഒരു മൃഗത്തിന് സംരക്ഷണം ആവശ്യമെന്ന് നിങ്ങള്‍ക്ക് തോനുന്ന നിമിഷം ബന്ധപ്പെടാം: 82176 08641, 81138 15507, 70257 98675, 97470 88435.