പ്രസവാനന്തര അവധി, അറിയേണ്ടതെല്ലാം

ചോദ്യം:

ഞാന്‍ എറണാകുളത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്നു. ഇപ്പോള്‍ 8 മാസം ഗര്‍ഭിണിയായ എന്നോട് ജോലിയില്‍ നിന്നും രാജി വെക്കാന്‍ മാനേജ്‌മെന്റ്റ് ആവശ്യപ്പെടുന്നു. എന്റെ സ്ഥാപനത്തില്‍ 30ലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ട്. എനിക്ക് പ്രസവ അവധിയും, ആനുകൂല്യങ്ങളും കിട്ടാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ? ഞാന്‍ ആരെയാണ് ഇക്കാര്യത്തില്‍ സമീപിക്കേണ്ടത് ?

മറുപടി:

പ്രസവാനുകൂല്യ നിയമം 1961 (മെറ്റേര്‍ണിറ്റി ബെനഫിറ്റ് ആക്ട്) പ്രകാരം, ഒരു സ്ത്രീ പ്രസവം പ്രതീക്ഷിക്കുന്ന ദിവസത്തിന് (എക്സ്പെക്റ്റ് ഡെയ്റ്റ് ഓഫ് കണ്‍ഫൈന്‍മെന്റ്) മുന്‍പുള്ള 12 മാസത്തില്‍ 80 ദിവസമെങ്കിലും ജോലി ചെയ്താലേ ഈ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹയാകൂ. യോഗ്യതാ മാനദണ്ഡം നിങ്ങള്‍ കടന്നുവെങ്കില്‍ നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടുവാനോ, അല്ലെങ്കില്‍ പിരിഞ്ഞുപോകുവാന്‍ ആവശ്യപ്പെടാനോ കമ്പനിക്ക് യാതൊരു അധികാരവും ഇല്ല. മാത്രവുമല്ല, മേല്‍പ്പറഞ്ഞ നിയമപ്രകാരം നിങ്ങള്‍ക്ക് താഴെപറയുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്.

ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്ക് 26 ആഴ്ച (182 ദിവസ്സം) ശമ്പളത്തോടു കൂടിയുള്ള അവധി. ഇതില്‍ 8 ആഴ്ചവരെ പ്രസവത്തിനു മുന്‍പും ബാക്കി ശേഷവും എടുക്കാവുന്നതാണ്. മൂന്നാമത്തെ പ്രസവം ആണെങ്കില്‍ ഈ ആനുകൂല്യം 12 ആഴ്ച മാത്രം ആയിരിക്കും (6 ആഴ്ച പ്രസവത്തിനു മുന്‍പും 6 ആഴ്ച ശേഷവും)

പ്രസവത്തോടനുബന്ധിച്ചു എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടാവുകയോ കുട്ടി മരിക്കുകയോ ചെയ്താല്‍ ഒരു മാസത്തെ ലീവ് കൂടുതലായി ലഭിക്കാന്‍ വ്യവസ്ഥയുണ്ട്.

പ്രസവത്തോടനുബന്ധിച്ചുള്ള ചികിസാസഹായങ്ങള്‍ തൊഴിലുടമ കൊടുക്കാത്ത പക്ഷം 1000 രൂപവരെ മെഡിക്കല്‍ ബോണസായി നല്‍കാന്‍ വ്യവസ്ഥയുണ്ട്.

പ്രസവത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചാല്‍ കുട്ടിയ്ക്ക് 15 മാസം പ്രയമാകുന്നതുവരെ കുട്ടിയെ ശുശ്രൂഷിക്കുന്നതിനും, മുലയൂട്ടുന്നതിനും ആയി സാധാരണ ഇടവേള കൂടാതെ രണ്ട് ഇടവേള കൂടി നല്‍കാന്‍ വ്യവസ്ഥയുണ്ട്. സ്ഥാനപത്തില്‍ ക്രെഷ് ഉണ്ടെങ്കില്‍ നാല് തവണവരെ ഇത് അനുവദനീയമാണ്. ഇതുകൂടാതെ, പ്രസവത്തിനു മുന്‍പും സ്ത്രീകള്‍ക്ക് താഴെപറയുന്ന ആനുകൂല്യങ്ങള്‍ക്കു അര്‍ഹതയുണ്ട്.

പ്രസവം പ്രതീക്ഷിക്കുന്ന തീയതിയ്ക്ക് 10 ആഴ്ച്ച മുമ്പ് വരെ കഠിനപ്രയത്നം ആവശ്യമുള്ള ജോലികള്‍ കൊടുക്കരുത്. സ്ത്രീ ആവശ്യപ്പെട്ടാല്‍ ലളിതമായ ജോലി നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. സ്ത്രീക്ക് ബുദ്ധിമുട്ടു ഉണ്ടാകുന്ന വിധത്തില്‍ ജോലിയില്‍ മാറ്റം വരുത്താന്‍ അധികാരമില്ല. ഈ നിയമത്തിലെ വ്യവസ്ഥകള്‍ മൂലം ജോലിയ്ക്ക് ഹാജരാകാതിരുന്നാല്‍ ഒരു സ്ത്രീ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അധികാരമില്ല. മേല്‍പ്പറഞ്ഞ എല്ലാ കാര്യങ്ങളും സ്ഥാപനത്തിലെ സ്ത്രീ ജോലിക്കാരെ രേഖാമൂലം അറിയിച്ചിരിക്കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ചോദ്യത്തില്‍ നിന്നും നിങ്ങള്‍ ഇ.എസ്.ഐ ആനുകൂല്യം ഇല്ലാത്ത ആളാണ് എന്ന് കരുതുന്നു. ഇനി, നിങ്ങള്‍ ഇ.എസ്.ഐ പരിധിയില്‍ വരുന്ന തൊഴിലാളി ആണെങ്കില്‍ മേല്‍പ്പറഞ്ഞ ശമ്പളം ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ നിന്നും ആണ് ലഭിക്കേണ്ടത്. അതിനായി നിശ്ചിത ഫോറത്തില്‍ ഇ.എസ്.ഐ കോര്‍പ്പറേഷനില്‍ അപേക്ഷ കൊടുക്കുക.

ഇ.എസ്.ഐ ആനുകൂല്യം ഇല്ലാത്ത ആളാണ് എങ്കില്‍ പ്രസവദിവസം സംബന്ധിച്ച ഡോക്ടറുടെ കുറിപ്പ് സഹിതം, തൊഴിലുടമക്ക് പ്രസവ അവധിക്ക് അപേക്ഷ കൊടുക്കുക. അത് നിരസിച്ചാല്‍, അപേക്ഷയില്‍ എഴുതി തരുവാന്‍ ആവശ്യപ്പെടുക. എറണാകുളം കലക്ടറേറ്റിലുള്ള ലേബര്‍ ഓഫീസില്‍, നിങ്ങളുടെ ഓഫിസിന്റെ ചുമതലയുള്ള അസ്സിസ്റ്റന്റ്റ് ലേബര്‍ ഓഫിസര്‍ക്ക് രേഖാമൂലം പരാതി കൊടുക്കുക. പരാതിയോടൊപ്പം, നിങ്ങള്‍ ആ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോള്‍ കിട്ടിയ അപ്പോയ്ന്റ്മെന്റ് ലെറ്റര്‍ കൂടി വെയ്ക്കാന്‍ ശ്രദ്ധിക്കുക. അതില്ലെങ്കില്‍ നിങ്ങളുടെ ഡേറ്റ് ഓഫ് ജോയ്‌നിങ് തെളിയിക്കുന്ന മറ്റേതെങ്കിലും രേഖ ഉപയോഗിക്കാം. ലേബര്‍ ഓഫിസില്‍ നിന്നും തൃപ്തികരമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിങ്ങളുടെ പരിധിയിലുള്ള മെട്രോപ്പൊളിറ്റന്‍ മജിസ്ട്രേറ്റിനെയോ ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാം.