കെട്ടിയില്ലെങ്കിൽ കത്തിച്ചു കളയുമെന്ന് വിരട്ടിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ കൈകാര്യം ചെയ്തു. വിവാഹാഭ്യര്‍ഥന നിരസിച്ചതിന് കോളജ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത യുവാവിനാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ കയ്യിൽ നിന്നും പൊതിരെ കിട്ടിയത്.
തുടർന്ന് പൊലീസിൽ ഏൽപ്പിച്ചു. എരുമേലി മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍ബിന്‍ വര്‍ഗീ(20)സാണ് പൊലീസ് പിടിയിലായത്.
എരുമേലിയില്‍ കോളജില്‍ ബിരുദ കോഴ്‌സിനു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. പെൺകുട്ടിയോട് കുറെനാളുകളായി വിവാഹാഭ്യര്‍ത്ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. ഇതോടെയാണു പെട്രോള്‍ ഒഴിച്ചു കത്തിക്കുമെന്ന ഭീഷണി മുഴക്കിയത്. യുവാവിന്റെ ഭീഷണിയെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.
പലതവണ വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ യുവാവിനെ താക്കീതു ചെയ്തിരുന്നുവെങ്കിലും ഇയാൾ വഴങ്ങിയിരുന്നില്ല. കോളേജ് വിട്ടുവരുമ്പോള്‍ എരുമേലി ബസ് സ്റ്റാന്‍ഡില്‍ പലപ്പോഴായി വിദ്യാര്‍ത്ഥിനിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പക തീര്‍ക്കാന്‍ ക്യാംപസിലെത്തി പെണ്‍കുട്ടിയുടെ കരണത്തടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഇന്നലെ വൈകിട്ട് വിദ്യാര്‍ത്ഥിനിയുടെ ബന്ധുക്കള്‍ മുക്കൂട്ടുതറ കവലയില്‍ വച്ച് ഇയാളെ പിടികൂടി കൈകാര്യം ചെയ്തു. ഇയാള്‍ ലഹരി മരുന്നിന് അടിമയാണെന്ന് എരുമേലി സിഐ ദിലീപ് ഖാന്‍ പറഞ്ഞു. കിഴക്കന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന കണ്ണികളില്‍ സജീവ പങ്കാളിയാണ് ഇയാളെന്നു സൂചനയുള്ളതായി പൊലീസ് വ്യക്തമാക്കി