സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തോടൊപ്പം പഴവർഗങ്ങളും..

പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും നല്‍കാൻ തീരുമാനം ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും മുട്ടയും കുട്ടികള്‍ക്കു നല്‍കുന്ന രാജ്യത്തെ ഏക സംസ്ഥാനമാകും കേരളം. ഒന്നു മുതല്‍ എട്ടുവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ 28 ലക്ഷം വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി.

ഓരോ വിദ്യാര്‍ഥിക്കും ആഴ്ചയില്‍ രണ്ട് ദിവസമായി 10 രൂപയുടെ പഴം നല്‍കും. വാഴപ്പഴം, മാങ്ങ, പേരയ്ക്ക, പപ്പായ, നെല്ലിക്ക തുടങ്ങിയവയാണ് നല്‍കുക. വിഷരഹിത ഫലങ്ങള്‍ ഉറപ്പാക്കും.

നിലവില്‍ ചോറിനൊപ്പം പയര്‍ വര്‍ഗങ്ങളും പച്ചക്കറിയും ഉള്‍പ്പെടുന്ന കറികള്‍ നല്‍കുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാലും മുട്ടയുമുണ്ട്.