കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും. പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന കോന്നിയില്‍ മുതിര്‍ന്ന നേതാവിനെത്തന്നെ മത്സരിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നും ശോഭാ സുരേന്ദ്രനാണ് സാധ്യതയെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. മുന്‍ ഡിജിപിയും ശബരിമല കര്‍മ സമിതി നേതാവുമായ ടിപി സെന്‍കുമാറാണ് ബിജെപി നേതൃത്വത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍.
പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ നടത്തിയ പ്രകടനം കണക്കിലെടുത്താന്‍ കോന്നി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു വലിയ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനേഴായിരത്തില്‍ താഴെ വോട്ടു മാത്രമാണ് കോന്നിയില്‍ ബിജെപിക്കു നേടാനായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് നാല്‍പ്പത്തിയേഴായിരത്തോളമായി ഉയര്‍ത്താനായിട്ടുണ്ട്. മുപ്പതിനായിരം വോട്ടിന്റെ വര്‍ധനയാണ് ഇത്തവണയുണ്ടായത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ചില പ്രത്യേക ഘടകങ്ങളാണ് കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പോവാന്‍ ഇടയാക്കിയതെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥി വന്നാല്‍ വിജയം വരെ നേടാനാവുമെന്നും ജില്ലാ നേതാക്കള്‍ പറയുന്നു.