കൃത്യമായി പണിയെടുത്തില്ലേല്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായാലും രക്ഷയില്ലെന്നുറപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പുത്തന്‍ നീക്കം. ജോലിയില്‍ വേണ്ടത്ര കാര്യക്ഷമത കാണിക്കാത്ത 1181 ഐപിഎസ് ഉദ്യോഗസ്ഥരേയും 1143 ഐഎഎസ് ഉദ്യോഗസ്ഥരേയും നീരീക്ഷണത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്ന സൂചനയാണ് പുറത്തു വരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ 14 പേര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കിയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സര്‍വീസ് രേഖകള്‍ പരിശോധിച്ചാണ് ജോലിയില്‍ മികവ് പുലര്‍ത്താത്തവരെ കണ്ടെത്തുന്നത്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നോട്ടീസ് നല്‍കി ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.
മന്ത്രാലയം നോട്ടീസ് നല്‍കിയവരില്‍ പത്തു പേര്‍ ഐപിഎസുകാരും നാലു പേര്‍ ഐഎഎസുകാരുമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരം. ഇത്തരത്തില്‍ പട്ടികയില്‍പെടുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല
1958ലെ അഖിലേന്ത്യ സര്‍വീസസ് നിയമത്തിലെ 16 (3) വകുപ്പനുസരിച്ചാണ് 2016, 2017, 2018 വര്‍ഷങ്ങളിലെ സര്‍വീസ് രേഖകള്‍ പരിശോധിക്കുന്നത്. അതത് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചാണ് നടപടി.
2014, 2015 വര്‍ഷങ്ങളിലൊന്നും ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ സര്‍വീസ് രേഖ പരിശോധന മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇത്തരം പരിശോധന കര്‍ശനമാക്കിയിരുന്നു.
മുന്‍പ് സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ പിണറായി സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെുത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷനുകളുടെ പ്രവര്‍ത്തനമായിരുന്നു സര്‍ക്കാര്‍ നിരീക്ഷിച്ചു വന്നിരുന്നത്.
സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് വ്യാപകമായി ചില ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥര്‍ സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
കളങ്കിതരായ ചില ഉദ്യോഗസ്ഥര്‍ സ്വന്തം മുഖം മിനുക്കുന്നതിന് വേണ്ടി ഫാന്‍സ് അസോസിയേഷനുകളെ ഉപയോഗപ്പെടുത്തുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നീക്കം.