ഭീകരാക്രമണത്തിനു പിന്നാലെ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം: ശ്രീലങ്കയില്‍ വാട്‌സ്ആപ്പിനും ഫേസ്ബുക്കിനും വിലക്ക്

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ മുസ്ലീം പള്ളിയിലും മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, വാട്‌സ്ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളും മെസേജിംഗ് ആപുകളുമാണ് താത്ക്കാലികമായി ബ്ലോക്ക് ചെയ്തത്.

ഫേസ്ബുക്കിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഞായറാഴ്ച ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ചിലൗവില്‍ ഒരു മുസ്ലീം യുവാവിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു. മോസ്‌കുകള്‍ക്ക് നേരെ കല്ലേറുണ്ടായി. മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളസ്ഥാപനങ്ങളും ജനക്കൂട്ടം തകര്‍ത്തിരുന്നു. ഇതിനു പിന്നലെയാണ് നവമാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

ഫേസ്ബുക്കില്‍ പ്രകോപനപരമായ പരാമര്‍ശം പോസ്റ്റ ചെയ്തയ അബുദുള്‍ ഹമീദ് മുഹമ്മദ് ഹസ്മാര്‍ (38) എന്നയാളെ അറസ്റ്റു ചെയ്തായി അധികൃതര്‍ വ്യക്തമാക്കി. ‘ഒരുനാള്‍ നിങ്ങള്‍ കരയും’ എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. അത് ആക്രമണത്തിനുള്ള ഭീഷണിയാണെന്നാണ് ജനങ്ങളുടെ വിലയിരുത്തല്‍.