തിരുവനന്തപുരത്തെ വിജയപ്രതീക്ഷ കൈവിട്ട് ബിജെപി… സുരേന്ദ്രന്റെ വിജയം ഉറപ്പ്…. ക്രോസ് വോട്ടിങ് നടന്നുവെന്ന് കുമ്മനം,

തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് നേതൃയോഗം വിലയിരുത്തി.

പമ്പയില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച കുമ്മനം രാജശേഖരനും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

ബിജെപിക്ക് തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ വാക്കുകള്‍ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തി. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രന്‍ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.

രണ്ടാംതവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തില്‍ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ഏകീകരണം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ഇത് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി. യു.ഡി.എഫ്, എല്‍.ഡി.എഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയതിനൊപ്പം രണ്ടുമുന്നണികളുടേയും വോട്ട് നേടാനായി എന്നുമാണ് വിലയിരുത്തല്‍.

ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായര്‍ വോട്ടുകളില്‍ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.

20000 മുതല്‍ 30000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തിന്റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു.

ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാള്‍ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയില്‍ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തില്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പങ്കെടുത്തില്ല. അതേസമയം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തില്‍ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി.