എല്‍.ഡി.എഫിലെത്തിയതു പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്നും ഇനി കാര്യമായൊന്നും പ്രതീക്ഷിക്കേണ്ടെന്നുമുള്ള തിരിച്ചറിവില്‍ കേരളാ കോണ്‍ഗ്രസ് (ബി) തിരിച്ചുപോക്ക് മോഹിക്കുന്നു. ശബരിമല പ്രശ്‌നത്തില്‍ എന്‍.എസ്.എസിനെ ശക്തമായി വിമര്‍ശിച്ചിരുന്ന ആര്‍. ബാലകൃഷ്ണപിള്ള ഇപ്പോള്‍ തിരുത്തിയത് അവരിലൂടെ യു.ഡി.എഫിലേക്കു മടങ്ങിയെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണു പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഒരുകാര്യത്തിലും അഭിപ്രായ ഐക്യമുണ്ടാകാത്ത പിള്ളയും മകന്‍ കെ.ബി. ഗണേഷ്‌കുമാറും ഒരേ ദിവസം ഇക്കാര്യത്തില്‍ എന്‍.എസ്.എസിനെ ന്യായീകരിച്ചതും ഇടതുമുന്നണിയെ തള്ളിപ്പറഞ്ഞതും പുതിയ നീക്കത്തിന്റെ തുടക്കമാണ്. യു.ഡി.എഫ് പ്രവേശനത്തോടൊപ്പം, പത്തനാപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റ് സ്ഥാനം കൈവിടാതിരിക്കാനും അവര്‍ ലക്ഷ്യമിടുന്നു.
ശബരിമല വിഷയത്തില്‍ ശക്തമായ ഇടതുവിരുദ്ധ നിലപാടെടുത്ത എന്‍.എസ്.എസിനെയും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെയും പിള്ളയെ ഉപയോഗിച്ചു പ്രതിരോധിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പിള്ളയുടെ സ്വന്തം ബൂത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 87 വോട്ടിനു പിന്നിലായി.
ഗണേഷ്‌കുമാറിന്റെ ബൂത്തില്‍ യു.ഡി.എഫ്. ഏഴു വോട്ടിനു മുന്നിലെത്തി. കൊട്ടാരക്കര, പത്തനംതിട്ട നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ്. വ്യക്തമായ ഭൂരിപക്ഷം നേടുകയും ചെയ്തു. തങ്ങളെക്കൊണ്ടു നേട്ടമുണ്ടായില്ലെന്ന നിലയ്ക്ക്, ഇനി ഇടതുമുന്നണിയില്‍ വലിയ പരിഗണന ലഭിക്കില്ലെന്നും ഭാവിയില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതായെന്നും കേരളാ കോണ്‍ഗ്രസ് (ബി) വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് എന്‍.എസ്.എസിലൂടെ യു.ഡി.എഫിലേക്കുള്ള വഴി വെട്ടിത്തെളിക്കാന്‍ ശ്രമിക്കുന്നത്. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസായിരുന്നു ശരിയെന്നു പിള്ള തുറന്നുപറഞ്ഞത് ഇതിന്റെ തുടക്കമാണ്. തര്‍ക്കങ്ങള്‍ പരിഹരിച്ച് സുകുമാരന്‍ നായരുമായി നല്ല ബന്ധത്തിലാകുകയാണു ലക്ഷ്യം.
പ്രതീക്ഷയ്ക്കപ്പുറമുള്ള തെരഞ്ഞെടുപ്പു വിജയത്തോടെ യു.ഡി.എഫ്. സുകുമാരന്‍ നായര്‍ക്കു വലിയ പ്രാധാന്യമാണു നല്‍കുന്നത്. അദ്ദേഹം ശിപാര്‍ശ ചെയ്താല്‍ യു.ഡി.എഫിനു തള്ളിക്കളയാന്‍ കഴിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നേട്ടം തദ്ദേശ തെരഞ്ഞെടുപ്പിലും രണ്ടു വര്‍ഷത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനുള്ള ലക്ഷ്യത്തിനിടെ, മുന്നണിയെ ശക്തിപ്പെടുത്താനുള്ള ഒരു സാധ്യതയും യു.ഡി.എഫ്. അവഗണിക്കില്ലെന്നും പിള്ള കണക്കുകൂട്ടുന്നു.
പതിറ്റാണ്ടുകളായി പിള്ളയാണ് എന്‍.എസ്.എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ്. ആ സ്ഥാനത്തേക്കു ഗണേഷിനെ എത്തിക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു. അക്കാര്യത്തില്‍ എന്‍.എസ്.എസിനുള്ള താല്‍പര്യക്കുറവ് മറികടക്കാന്‍ കൂടിയാണ് അവരെ പ്രശംസിച്ച് പിള്ളയും ഗണേഷും രംഗത്തു വന്നിരിക്കുന്നത്.