അയാളെ ഇനിയും കാണേണ്ടി വന്നാല്‍ സംസാരിക്കും, ഭാവന പറയുന്നു

ബാല്യകാലം മുതലുള്ള പ്രണയ, സുഹൃദ്ബന്ധങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഭാവന. പ്രണയവും, നഷ്ടവും ഒരുപോലെ അനുഭവിച്ചിട്ടുണ്ടെന്നും അത് എന്നും മനസില്‍ സൂക്ഷിക്കുന്ന ഓര്‍മകളാണെന്നും ഭാവന സ്വകാര്യ മധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.

ഒരു ദിവസം ആദ്യ കാമുകനെ കണ്ടുമുട്ടിയാല്‍ യാതൊരു ബുദ്ധിമുട്ടും വിചാരിക്കരുത്. അയാളുമായി എന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുകയാണ് വേണ്ടത്. ചിലപ്പോള്‍ ചില പ്രശ്‌നങ്ങള്‍ തോന്നിയേക്കാം. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ലെന്ന് മനസിലാകും.

ചില പ്രണയങ്ങള്‍ നഷ്ടപ്പെടാറുണ്ട്. അത് അവസാനിക്കുകയാണെങ്കില്‍ അത് തിരിച്ചറിയുക, അംഗീകരിക്കുക. മറ്റൊരാളെ വിവാഹം ചെയ്യുക. നഷ്ടപ്രണയമില്ലാത്ത ജീവിതത്തില്‍ എന്ത് രസമാണുള്ളതെന്നും ഭാവന ചോദിക്കുന്നു.

ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചതുകൊണ്ടു തന്നെ ആ കാലഘട്ടത്തില്‍ പ്രണയിക്കാന്‍ സാധിച്ചില്ല. അവസരമുണ്ടായിരുന്നില്ലെന്നതാണ് ശരി. 15ാം വയസില്‍ സിനിമയിലെത്തി. അതുകൊണ്ടുതന്നെ അവിടെയും പ്രണയിക്കാന്‍ സാധിച്ചില്ല.

പ്രണയത്തില്‍ ഇതു വരെ മോശം അനുഭവം ഉണ്ടായിട്ടില്ല. വീണ്ടും മുന്‍ കാമുകനുമായി കാണുമ്പോള്‍ വളര സാധാരണമായി സംസാരിക്കും. അതൊരു രസമുള്ള അനുഭവമാണ്. പ്രായം കൂടുംതോറും പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറും. 20 വയസിലെ പ്രണയവും 30 വയസിലെ പ്രണയവും തമ്മില്‍ മാറ്റമുണ്ട്. ഓരോ സമയത്തും ഓരോ തരത്തിലാവും നമ്മള്‍ ജീവിതത്തെ സമീപിക്കുന്നത് ഭാവന പറയുന്നു.

96 എന്ന ചിത്രത്തിന്റെ കന്നട പതിപ്പില്‍ ഭാവനയാണ് നായിക. സ്‌കൂള്‍ കാലത്തെ നഷ്ട പ്രണയത്തിന്റെ കഥ പറയുന്ന ചിത്രം പുറത്തിറങ്ങാനിരിക്കെയായിരുന്നു ഭാവനയുടെ അഭിമുഖം. അതേസമയം ചിത്രത്തിലേത് പോലെ അനുഭവം തനിക്കില്ലെന്നും അതിന്റെ ഗൃഹാതുരതയൊന്നും അനുഭവിക്കാനായില്ലെങ്കിലും സ്‌കൂള്‍ കാലത്തെ വല്ലാതെ ഓര്‍മിപ്പിച്ചെന്നും ഭാവന പറഞ്ഞു.