കൊച്ചി: ഈസ്റ്റര്‍ ദിനത്തില്‍ ഭീകരര്‍ ശ്രീലങ്കയില്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലും നടത്തിയ സ്ഫോടനത്തില്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ശേഖരിച്ചത്. തമിഴ്നാട്ടിലെ നാഥാപുരംവഴിയാണ് സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ട് പോയതെന്നും റിപ്പോര്‍ട്ടുണ്ട്. പൊട്ടാസ്യം നൈട്രേറ്റ്, ഗണ്‍പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവ പലയിടങ്ങളില്‍നിന്നു ശേഖരിച്ച് പലപ്പോഴായി ശ്രീലങ്കയിലേക്കു കടത്തുകയായിരുന്നു. സ്ഫോടകവസ്തു ശേഖരത്തില്‍നിന്നു തമിഴ്നാട്ടില്‍ അച്ചടിച്ച കടലാസുകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ) ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിവരം നല്കി.
രണ്ട് വര്‍ഷം കൊണ്ട് വന്‍തോതില്‍ സ്ഫോടകവസ്തുക്കള്‍ തീവ്രവാദസംഘം ശ്രീലങ്കയില്‍ സംഭരിച്ചു. ഇവയാണ് സ്ഫോടനത്തിനായി ചാവേറുകള്‍ ഉപയോഗിച്ചത്. കേരളത്തില്‍ ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും ക്രിമിനലുകള്‍ സ്ഫോടക വസ്തുക്കള്‍ കൈക്കലാക്കുന്നതായി പോലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറികളില്‍ ഉപയോഗിക്കാന്‍ അനധികൃതമായി ശേഖരിക്കുന്ന സ്ഫോടകവസ്തുക്കളാണു ക്രിമിനലുകളും ഭീകരരും കൈക്കലാക്കി ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
പ്രത്യേക കാലാവസ്ഥയിലും ഊഷ്മാവിലും സൂക്ഷിക്കേണ്ട സ്ഫോടകവസ്തുക്കള്‍ മത്സ്യബന്ധന ബോട്ടുകളുടെ ശീതീകരണികളില്‍ ഒളിപ്പിച്ചാണു കടത്തിയതെന്നാണ് സൂചന. ഇതിനു കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കാര്യമായ സഹായം കിട്ടിയിട്ടുണ്ടാകാം. സ്ഫോടനം നടത്താനുള്ള പരിശീലനവും കേരളത്തിലും തമിഴ്നാട്ടിലുമായാണു നടത്തിയത്. ബോംബ് നിര്മാണത്തിനുവേണ്ടി ബോള്‍ ബെയറിങ്ങുകളും മറ്റും വന്‍തോതില്‍ ഇന്ത്യയില്‍നിന്നു കടത്തിയിട്ടുണ്ട്. ഇവയുടെ ശേഖരം കഴിഞ്ഞ ദിവസങ്ങളിലെ തെരച്ചിലില്‍ ശ്രീലങ്കയില്‍നിന്നു പിടിച്ചെടുത്തിരുന്നു.