ആറ്റിങ്ങലിലെ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പേര് ഇരട്ടിക്കല്‍ ആരോപണത്തില്‍ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ശക്തമായ മറുപടി. ഇത്രയും നാള് അടൂര്‍ പ്രകാശ് ഉറങ്ങുകയായിരുന്നോ എന്നാണ് ടീക്കാറാം മീണ ചോദിച്ചത്. വോട്ടര്‍പട്ടികയുടെ കരട് മാസങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിക്കുകയും അതു കഴിഞ്ഞ് രണ്ടു തവണ ഡ്രാഫ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും അടൂര്‍ പ്രകാശ് കണ്ടില്ലേ എന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് കരടുരൂപം പ്രസിദ്ധീകരിച്ചതാണ് പിന്നീട് രണ്ടു ഡ്രാഫ്റ്റുകള്‍ കൂടി പ്രസിദ്ധീകരിച്ചു. ഇതെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ജനങ്ങള്‍ക്ക് പരിശോധിക്കാനും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ഉന്നയിക്കാനും തെറ്റുണ്ടെങ്കില്‍ തിരുത്താനും അവസരം നല്കിയതാണത്. ഇത് സംബന്ധിച്ച പത്രപ്പരസ്യം നല്‍കുകയും ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഇലക്ഷന് തൊട്ടുമുമ്പ് അന്തിമ പട്ടിക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ അവസരങ്ങളൊന്നും ഉപയോഗിക്കാതെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആരോപണവുമായി എത്തുന്നത് ശരിയല്ല.
18 നും 19 നും ഇടയില്‍ പ്രായക്കാരായ 5.5 ലക്ഷം കന്നിവോട്ടര്‍മാര്‍ അടക്കം 11 ലക്ഷം പേരാണ് പുതിയതായി പട്ടികയുടെ ഭാഗമായത്. ‘യുവര്‍ വോട്ട് ഇസ് വാല്യൂവബിള്‍, ഗോ വോട്ട്’ ഇതായിരുന്നു മുദ്രാവാക്യം. ഇതിലൂടെ പരമാവധി ജനങ്ങളെ ജനാധിപത്യ പ്രക്രിയയുടെ ഭാഗഭാക്കാകാന്‍ കഴിഞ്ഞു. ഇത്തവണ ആളുകള്‍ക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ ഓണ്‍ലൈന്‍ അപേക്ഷ നല്കാന് കഴിയുമായിരുന്നു. ആ അവസരത്തിന്റെ ദുരുപയോഗമാണ് ഇത്തരം ഇരട്ടിക്കലിന് ആധാരം. ഇത്തരം പിഴവുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കാന്‍ എല്ലാവര്ക്കും അവസരം നല്‍കിയിരുന്നതാണെന്നും ടീക്കാറാം മീണ പറഞ്ഞു.