കടലാക്രമണം: തീരദേശത്ത് സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രി സഭായോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക. മന്ത്രസഭായോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്.

കടലാക്രമണത്തില്‍ തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറി. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിഴന്റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷന്‍ തീരദേശത്ത് നല്‍കാനുള്ള തീരുമാനം. കടല്‍ ക്ഷോഭത്തില്‍ തുറമുഖ വകുപ്പിന്റെ ഒരു പഴയകെട്ടിടവും തകര്‍ന്നുവീണു. രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ അടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം ഇരുപതിലധികം വീടുകളില്‍ വെള്ളം കയറി. 250 മീറ്റര്‍ ദൂരം കരയിലേക്ക് തിരമാലകളെത്തി. പലര്‍ക്കും വീടുപേക്ഷിച്ചു പോകേണ്ടിവന്നു.