സ്മൃതി ഇറാനിയെ പിന്തുണച്ച് അരുണ്‍ ജെയ്റ്റ്‌ലി; ‘രാഹുല്‍ ഗാന്ധിയുടെ യോഗ്യതയും പരിശോധിക്കണം’

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യത വിവാദമായതോടെ അവരെ പിന്തുണച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നും അതും സംവാദത്തിനു കൊണ്ടുവരണമെന്നും ജെയ്റ്റലി പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ വിദ്യാഭ്യാസ യോഗ്യതയും പരിശോധിക്കേണ്ടതാണ്. രാഹുലിന് ബിരുദാനന്തര ബിരുദമില്ലാതെ എംഫില്‍ കിട്ടിയിട്ടുണ്ട്-ജെയ്റ്റലി ഫേസ്ബുക്ക് ബ്ലോഗില്‍ പറയുന്നു. പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നില്ലെന്നും ജെയ്റ്റ്‌ലി ആരോപിച്ചു.

2009ല്‍ രാഹുലിന്റെ വിദേശ ബിരുദത്തെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ കേംബ്രിഡ്ജ് യൂണിവേഴ്‌സ്റ്റി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ട്രിനിറ്റി കോളജില്‍ പഠിച്ചിരുന്നുവെന്നും 1995ല്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ എംഫില്‍ നേടിയിരുന്നുവെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കിയിരുന്നു.