വെള്ളപുതച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ട് അലറിക്കരഞ്ഞ് ഹെന; ഇത്ര സ്‌നേഹമുണ്ടായിരുന്നെങ്കില്‍ അവന്റെ തലച്ചോര്‍ തകര്‍ത്തത് എന്തിനെന്ന ചോദ്യം മാത്രം ബാക്കി…

കുഞ്ഞിന്റെ മരവിച്ച ശരീരം അവസാനമായി കാണാന്‍ മോര്‍ച്ചറിക്ക് അകത്തേയ്ക്ക് കടന്നപ്പോള്‍ ഹെനയുടെ മുഖത്ത് നിഴലിച്ചത് നിര്‍വികാരമയായിരുന്നു. അധികം ആരോടും മിണ്ടാതെ അതുവരെ നിലകൊണ്ട അവര്‍ മകന്റെ വെള്ളപുതച്ച ശരീരം കണ്ട നിമിഷം അലറിക്കരഞ്ഞു.

പൊലീസ് സംരക്ഷണത്തില്‍ മോര്‍ച്ചറിക്കകത്തേക്ക് നടന്നടുത്ത രണ്ടുപേരുടെയും മുഖത്ത് നിര്‍വികാരത വായിക്കാമായിരുന്നു. എന്നാല്‍, മോര്‍ച്ചറിക്കകത്ത് വെള്ളപുതച്ച ശരീരം കണ്ടതോടെ െഹനയുടെ ശബ്ദം നിശ്ശബ്ദതയെ കീറിമുറിച്ചു. അവള്‍ അലറിക്കരഞ്ഞു. അധികം വൈകാതെ ആ നിലവിളി ഭര്‍ത്താവിലേക്കും പടര്‍ന്നു. സമയം 11.52. രണ്ടു മിനിറ്റിനുശേഷം ഹെനയെയും ഷാജിത് ഖാനെയും പുറത്തേക്ക് കൊണ്ടുവന്നു. മകനെ അവസാനമായി കണ്ടു കൊതിതീരാതെ പൊട്ടിക്കരഞ്ഞുകൊണ്ട് ഹെന വീണ്ടും ജയിലിലേക്ക്.

കൊച്ചി പാലക്കാമുഗള്‍ വടകോട് ജുമാ മസ്ജിദിലായിരുന്നു കബറടക്കം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെയാണ് പാലക്കാമുഗള്‍ പള്ളിയിലെത്തിച്ചത്. കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, ഇബ്രാഹിംകുഞ്ഞ് എംഎല്‍എ. എന്നിവര്‍ പള്ളിയിലെത്തിയിരുന്നു. 12.20-ഓടെ നടന്ന പ്രാര്‍ത്ഥനയ്ക്കുശേഷം മൃതദേഹം കബറിടത്തിലേക്കെടുത്തു. അമ്മയുടെ മര്‍ദനത്തില്‍ തലച്ചോര്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് കുട്ടി മരിക്കുന്നത്. തലച്ചോറിലെ രക്തശ്രാവം നിയന്ത്രിക്കാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും മരുന്നുകളോട് കുട്ടി പ്രതികരിച്ചിരുന്നില്ല.

വ്യാഴാഴ്ചയോടെ ആരോഗ്യനില വഷളാവുകയും വെള്ളിയാഴ്ച രാവിലെ മരണം വന്നെത്തുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് തലയ്ക്ക് മാരക പരിക്കേറ്റ നിലയില്‍ മൂന്നുവയസ്സുകാരനെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. അടുക്കളയില്‍ വീണതാണെന്നായിരുന്നു പിതാവ് പറഞ്ഞത്. എന്നാല്‍ കുട്ടിയുടെ ദേഹത്തെ പാടുകളും മുറിവുകളും കണ്ടതോടെ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് അമ്മയുടെ മര്‍ദനമേറ്റാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റെന്ന് വ്യക്തമായത്.

കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനോ മാതാപിതാക്കളുടെ പശ്ചാത്തലം പൂര്‍ണമായി മനസ്സിലാക്കാനോ പൊലീസിന് കഴിഞ്ഞില്ല. ജാര്‍ഖണ്ഡ് സ്വദേശിനിയാണ് മാതാവ് ഹെന എന്ന വിവരത്തെ തുടര്‍ന്ന് വിലാസം വാങ്ങി കൊച്ചി പൊലീസ് ഝാര്‍ഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടേത് പ്രണയ വിവാഹമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്‌തോ അതോ വീട്ടുകാരുടെ അറിവോടെയാണോ നടത്തിയത് എന്ന് വ്യക്തമായിട്ടില്ല. കുട്ടി അവരുടേത് എന്ന് പറയുന്നുണ്ടെങ്കിലും അവരുടേത് ആണോ എന്ന് പൊലീസിന് ഉറപ്പുമില്ല. കുട്ടിയുടെ പിതൃത്വം ഉറപ്പു വരുത്താന്‍ ഡിഎന്‍എ പരിശോധന നടത്തിയിട്ടുണ്ട്. പക്ഷെ ഫലം വന്നിട്ടില്ല. ആ ഫലത്തിന് ഞങ്ങള്‍ കാക്കുകയാണ്- കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി.എസ്.സുരേഷ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.

പെട്ടെന്ന് ക്ഷുഭിതയാക്കുന്ന വ്യക്തിത്വമാണ് കുട്ടിയുടെ അമ്മ ഹെനയുടേത്. ദേഷ്യം വന്നാല്‍ തോന്നിയത് അവര്‍ ചെയ്യും. ഇത്തരത്തില്‍ കുട്ടിക്ക് ഏറ്റ മര്‍ദ്ദനങ്ങള്‍ ആണ് കുട്ടിയുടെ ശരീരത്തില്‍ മുഴുവനുള്ളത്. കുട്ടിയുടെ പിന്‍ഭാഗത്ത് ചട്ടകം പഴുപ്പിച്ച് പൊള്ളിച്ചതും ഭീകര മര്‍ദ്ദനങ്ങള്‍ ഏല്‍പ്പിച്ചതും പൊലീസ് ഗൗരവകരമായാണ് കാണുന്നത്. ഒറ്റ മകന്‍. മൂന്നു വയസുകാരന്‍. അതും ആണ്‍കുട്ടി. ആ കുട്ടിയെ പെറ്റമ്മ എന്ന് അവകാശപ്പെടുന്ന അവര്‍ മര്‍ദ്ദിച്ച് കൊന്നത് എന്തിനെന്നു പൊലീസിന് മനസിലായിട്ടില്ല. ആലുവയിലെ വീട്ടിലേക്ക് കുട്ടിയും അമ്മയും വന്നിട്ട് ഇരുപത് ദിവസം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ട് തന്നെ കുട്ടിയുടെ മരണകാരണം, മാതാപിതാക്കളുടെ വിവാഹം, അവരുടെ പശ്ചാത്തലം തുടങ്ങിയവ പൂര്‍ണമായി മനസ്സിലാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

ഝാര്‍ഖണ്ഡിലേക്ക് പൊലീസ് പോയതും ഇവരുടെ പശ്ചാത്തലം പൂര്‍ണമായി മനസ്സിലാക്കാനാണ്. വഴിവിട്ട ബന്ധങ്ങളോ ലഹരി മരുന്നുകളോ സംഭവത്തിനു പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിച്ചിരുന്നു. പക്ഷെ അന്വേഷണത്തില്‍ അത് സംബന്ധിച്ച് ഒന്നും വ്യക്തമായതുമില്ല. അതുകൊണ്ട് തന്നെകുട്ടിയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.