വിവാഹത്തിന് സമ്മാനപ്പൊതികള്‍ വേണ്ട; സമ്മാനമായി കിട്ടുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന്: മാതൃകയായി സിആര്‍പിഎഫ് ജവാന്‍

ജയ്പൂര്‍ : തന്റെ വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കുള്ള ഫണ്ടിലേയ്ക്ക് നല്‍കുമെന്ന് വ്യക്തമാക്കി സിആര്‍പിഎഫ് ജവാന്‍ രംഗത്ത്. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവ്ട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തു നല്‍കി മാതൃകയായിരിക്കുന്നത്.

വിവാഹത്തിന് തനിക്ക് സമ്മാനങ്ങളൊന്നും വേണ്ട, പണമായി ലഭിക്കുന്ന സമ്മാനം മുഴുവന്‍ പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്കായുള്ള ഫണ്ടിലേയ്ക്ക് നല്‍കുമെന്നാണ് വികാസ് വിവാഹക്ഷണക്കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 13 ന് ശ്രീനഗറിലാണ് വിവാഹം.

വിവാഹ മണ്ഡപത്തിന് സമീപത്തുള്ള പെട്ടിയില്‍ അതിഥികള്‍ക്ക് പണം നിക്ഷേപിക്കാം. തൊട്ടടുത്ത ദിവസം തന്നെ പണം രക്തസാക്ഷികളായ സൈനീകരുടെ കുടുംബത്തിനായുള്ള ഫണ്ടിലേയ്ക്ക് നല്‍കുമെന്നും വികാസിന്റെ കുടുംബം വ്യക്തമാക്കുന്നു.