രാഹുലിന് അപരശല്യം, വയനാട്ടില്‍ ‘ഗാന്ധി ‘ഒന്നല്ല നാല്; കണ്ണൂരില്‍ ശ്രീമതിമാര്‍ മൂന്ന്!

കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയാണെങ്കിലും മത്സരിക്കാന്‍ കേരളത്തില്‍ വന്നാല്‍ അതേപേരുമായി അപരന്‍ വരും. അതും ഒന്നല്ല, മൂന്നുപേര്‍. രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ച ഇന്നലെയാണ് മൂന്ന് അപരന്മാരും വയനാട് മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്. കെ.ഇ. രാഹുല്‍ ഗാന്ധി, കെ.രാഘുല്‍ ഗാന്ധി, കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് ‘അപരന്‍’പാര’യുമായി രംഗത്തുള്ളത്. മൂന്നാമന്റെ പേരില്‍ രാഹുല്‍ ഇല്ലെങ്കിലും പേരിന്റെ ഒടുവില്‍ ഗാന്ധിയുണ്ട്.

എരുമേലി മുട്ടപ്പള്ളി സ്വദേശിയാണ് കെ.ഇ. രാഹുല്‍ഗാന്ധി (കൊച്ചാപ്പി-33). ഇടതുപക്ഷ അനുഭാവിയായ ഈ രാഹുല്‍ഗാന്ധി കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ ഭാഷാ ശാസ്ത്ര വിഭാഗത്തില്‍ ആദിവാസി സമൂഹത്തിന്റെ പാട്ടും സംസ്‌ക്കാരവും എന്ന വിഷയത്തില്‍ ഗവേഷകനാണ്. നാടന്‍പാട്ട് കലകാരന്‍കൂടിയാണ്. സഹോദരന്റെ പേര് രാജീവ് ഗാന്ധി. വയനാട്ടില്‍ പത്രിക സമര്‍പ്പിക്കുന്നുവെന്ന സൂചന വന്ന പിന്നാലെ രണ്ടുദിവസമായി ഫോണ്‍ കോളുകളൊന്നും ഈ രാഹുല്‍ ഗാന്ധി എടുക്കുന്നില്ല.

അഖിലോന്ത്യ മക്കള്‍ കഴകം സ്ഥാനാര്‍ഥിയാണ് രാഘുല്‍ ഗാന്ധി കെ. കെ.എം. ശിവപ്രസാദ് ഗാന്ധി സ്വതന്ത്രസ്ഥാനാര്‍ഥിയും. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം.ബി. രാജേഷിന് രണ്ടു അപരന്മാരുടെ ഭീഷണിയാണുള്ളത്. പത്രിക സമര്‍പണം പൂര്‍ത്തിയായപ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി എം. രാജേഷും പി. രാജേഷുമാണ് പേരിന്റെ പേരില്‍ ഭീഷണിയുയര്‍ത്തുന്നത്.

കണ്ണൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.കെ. ശ്രീമതിക്ക് ശ്രീമതി, കെ. ശ്രീമതി എന്നീ പേരുകളില്‍ രണ്ട് അപരസ്ഥാനാര്‍ഥികള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. സുധാകരന് രണ്ടു സുധാകരന്മാരും ഒരു പി.കെ. സുധാകരനും അപരഭീഷണിയുയര്‍ത്തുന്നുണ്ട്. 2014ല്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ സുധാകരന്റെ പേരില്‍ രണ്ട് അപരന്‍മാരും പി.കെ.ശ്രീമതിയുടെ പേരില്‍ ഒരു അപരസ്ഥാനാര്‍ഥിയുമാണ് രംഗത്തുണ്ടായിരുന്നത്.

അന്ന് കെ. സുധാകരന്‍ തോറ്റത് 6556 വോട്ടിനാണ്. കെ.സുധാകരന്‍ (കൊല്ലോന്‍ ഹൗസ്), കെ. സുധാകരന്‍ (ശ്രീശൈലം) എന്നിവര്‍ ചേര്‍ന്ന് പിടിച്ചത് 6985 വോട്ട്. ശ്രീമതിയുടെ ഭൂരിപക്ഷത്തെക്കാള്‍ കൂടുതലാണത്. പി.കെ.ശ്രീമതിയുടെ അപരയായി വന്ന ശ്രീമതി പുത്തലത്ത് 1500 വോട്ടാണ് നേടിയത്. പത്തനംതിട്ടയിലെ ഇടതു സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്, വീണ. വി എന്ന പേരിലെ സ്വതന്ത്രസ്ഥാനാര്‍ഥിയാണ് അപരഭീഷണിയുമായി രംഗത്തുള്ളത്.