പാര്‍ട്ടിയില്‍ നിന്നും ഫണ്ട് ലഭിച്ചില്ലെന്ന പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്റെ പരാതി സത്യസന്ധമായിരിക്കുമെന്ന് അഡ്വ.ജയശങ്കര്‍. സാമ്ബത്തികമായ സഹായവും നേതാക്കളുടെ സഹകരണവും പാലക്കാട് ശ്രീകണ്ഠന് കിട്ടിയില്ലെന്നും ജയശങ്കര്‍ പറഞ്ഞു. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വേളയിലാണ് ജയശങ്കറിന്റെ പ്രതികരണം. ജയശങ്കറിന്റെ വാക്കുകളിങ്ങനെ.
സ്ഥാനാര്‍ത്ഥി നിര്‍ണയം നടക്കുന്ന ഘട്ടത്തില്‍ തന്നെ സ്ഥാനാര്‍ത്ഥികളാവുന്നവര്‍ അതിന്റെ ഫണ്ട് വഹിക്കേണ്ടി വരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് തുറന്നു പറഞ്ഞിരുന്നു. കെപിസിസിയുടെ കൈയില്‍ വലിയ ഫണ്ടില്ല എഐസിസിയില്‍ നിന്നും വലിയ ഫണ്ട് പ്രതീക്ഷിക്കേണ്ട എന്ന് മുല്ലപ്പള്ളി ആദ്യമേ വ്യക്തമാക്കി. ചാലക്കുടിയിലെ എന്റെ വീട്ടില്‍ ഇന്നസെന്റിന്റെ പല വര്‍ണങ്ങളിലുള്ള പത്തോ പതിനൊന്നോ നോട്ടീസുകള്‍ തെരഞ്ഞെടുപ്പ് കാലത്ത് എത്തിയിരുന്നു.
എഎന്‍ രാധാകൃഷ്ണന്റെ നോട്ടീസുകളും ഒരുപാട് കൂടി എത്തി. എന്നാല്‍ രണ്ടേ രണ്ട് നോട്ടീസേ ബെന്നി ബെഹന്നാന്റേതായി എത്തിയുള്ളൂ. അതിലൊന്നാണെങ്കില്‍ വോട്ടെടുപ്പിന് തലേദിവസമാണ് വന്നത്. പോസ്റ്ററുകള്‍ പോലും കാര്യമായി ഒട്ടിച്ചു കണ്ടില്ല.
ഫണ്ട് വേണ്ട വിധം ഒഴുകിയില്ല എന്ന് വ്യക്തമാണ്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ബെന്നിയുടെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും. ഇതേ പ്രശ്നമാണ് പാലക്കാട് ശ്രീകണ്ഠന് നേരിടേണ്ടി വന്നത്.
ശ്രീകണ്ഠന്റെ കാര്യത്തില്‍ മറ്റൊരു പ്രശ്നം കൂടിയുണ്ടായി. ഷാഫി പറമ്പില്‍ അടക്കം പാലക്കാട്ടെ വലിയൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രമ്യ ഹരിദാസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആലത്തൂരില്‍ പോയി. ഇത് പ്രതീക്ഷിച്ചതല്ല. സാധാരണ ഗതിയില്‍ ആലത്തൂര്‍ പോലൊരു സംവരണസീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് വലിയ പിന്തുണ പാര്‍ട്ടിയില്‍ നിന്നും കിട്ടാറില്ല. എന്നാല്‍ ഇക്കുറി ചിത്രം മാറി രമ്യ താരസ്ഥാനാര്‍ത്ഥിയായി.
അവര്‍ക്കായി ഫണ്ട് നല്ല രീതിയില്‍ സ്വരൂപിക്കപ്പെട്ടു. അനില്‍ അക്കര, ഷാഫി പറമ്പില്‍, വിടി ബലറാം എന്നീ യുവനേതാക്കളും മുസ്ലീം ലീഗും നല്ല രീതിയില്‍ രമ്യയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അതിനാല്‍ ആലത്തൂരില്‍ നല്ല രീതിയില്‍ യുഡിഎഫ് പ്രചാരണം മുന്നോട്ട് പോയി.
ഇതിനൊക്കെ വില കൊടുക്കേണ്ടി വന്നത് ശ്രീകണ്ഠനാണ്. പാലക്കാട് അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത അവസ്ഥ വന്നു. ഇക്കാര്യങ്ങളൊക്കെ വികെ ശ്രീകണ്ഠന്റെ മനസ്സിലുണ്ട് . പക്ഷേ ഇതെല്ലാം ഒറ്റയടിക്ക് തുറന്നു പറയാനാവിലല്ലോ കൂടുതല്‍ കാര്യങ്ങള്‍ പതിയെ പുറത്തു വരും എന്നു കരുതാം. പാലക്കാട്ടെ പുറത്തു വരുമ്പോള്‍ ഇതിലേറെ വിവാദങ്ങള്‍ നമ്മുക്ക് പ്രതീക്ഷിക്കാം.