യുവനടന്‍ സണ്ണി വെയ്ന്റെ സര്‍പ്രൈസ് വിവാഹം, വധു കോഴിക്കോട് സ്വദേശി രഞ്ജിനി

യുവതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ഇന്ന് വെളുപ്പിനെ ആറ് മണിക്ക് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിനിയായ ബാല്യകാല സുഹൃത്ത് രഞ്ജിനിയാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

സിനിമ പ്രവര്‍ത്തകരോ മാധ്യമപ്രവര്‍ത്തകരോ വിവാഹത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഗുരുവായൂരുണ്ടായിരുന്ന ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് വിവാഹിതനായ കാര്യം ഫേസ്ബുക്കിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കു വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും വരും ദിവസങ്ങളില്‍ വിവാഹ സല്‍ക്കാരം നടത്തും.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.